ADVERTISEMENT

തിരുവനന്തപുരം∙ ഇന്നലെ രാത്രി ആക്രമണമുണ്ടായ എകെജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.                       

സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫിസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാതെ നാട്ടിലെ  സമാധാനം സംരക്ഷിക്കാൻ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർഥിക്കുന്നു.  

മഹാനായ എകെജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫിസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും അഭ്യർഥിക്കുന്നുവെന്നും പിണറായി പറഞ്ഞു. 

സ്ഥിതി വിലയിരുത്താന്‍ സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചേരുകയാണ്. പ്രതിയെ കണ്ടെത്തുന്നതിനായി ഊർജിത ശ്രമം നടക്കുകയാണെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ജീവനും സ്വത്തിനും നാശം വരുത്താൻ ലക്ഷ്യമിട്ടായിരുന്നു എകെജി സെന്റർ ആക്രമിച്ചതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. 

സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാനനില തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കോൺഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെയുള്ള ആക്രമണം ഗൗരവതരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. ആക്രമണത്തിന് ശേഷം പ്രതിഷേധവുമായി നൂറു കണക്കിന് സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി. പലയിടത്തും കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെട്ടു. 

English Summary: Pinarayi Vijayan visits attacked AKG center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com