ADVERTISEMENT

കൊച്ചി∙ നഗരത്തിലെ ലോഡ്ജുകളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളായ പെൺകുട്ടികളിൽ ഒരാളുടെ നില അതീവ ഗുരുതരം. വെന്റിലേറ്ററിൽ കഴിയുന്ന ഇവരുടെ തലച്ചോറിനു കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. സോഡിയം നില താഴ്ന്നതോടെ അപസ്മാരമുണ്ടായതാണ് സാഹചര്യം ഗുരുതരമാക്കിയത്. തലച്ചോറിലേയ്ക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചതോടെ കോമയിലേയ്ക്കു പോകുന്ന സാഹചര്യമുണ്ടായെങ്കിലും നിലയിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. 

വെന്റിലേറ്ററിൽ അബോധാവസ്ഥയിലിരിക്കെ നേരിയ പ്രതികരണമുണ്ടായത് തിരിച്ചു വരവിന്റെ ലക്ഷണമായാണ് ഡോക്ടർമാർ കാണുന്നത്. വെന്റിലേറ്ററിൽ 48 മണിക്കൂർ കഴിയുന്നതോടെ പെൺകുട്ടി ബോധാവസ്ഥയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലച്ചോറിനെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നത് അറിയാൻ വെന്റിലേറ്റർ മാറ്റേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇവർക്ക് സംഭവിച്ചത് എന്താണ് എന്ന കാര്യത്തിൽ ഇപ്പോഴും പൊലീസിനും കാര്യമായ വ്യക്തതയില്ല. 

27ാം തീയതിയാണ് കോഴിക്കോട്‌ സ്വദേശികളായ പെൺകുട്ടികൾ ഇടപ്പള്ളിയിൽ വിദേശ ജോലിയ്ക്കുള്ള വീസ കേന്ദ്രത്തിൽ പോകുന്നതിനായി എത്തിയത്. പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്ത ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന വെളുത്ത പൊടി ശ്വസിച്ചെന്നാണു പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും ലഹരി പദാർഥം അളവിൽ കൂടുതലായി ഉപയോഗിച്ചതാകാം ഇവരെ അവശ നിലയിലാക്കിയത് എന്നാണ് വിലയിരുത്തൽ. ഇവിടെ നിന്നു വീട്ടിലേയ്ക്കു മടങ്ങാനായി എറണാകുളം നോർത്ത്, സെൻട്രൽ സ്റ്റേഷൻ പരിധികളിലെ ലോഡ്ജുകളിൽ മുറിയെടുക്കുകയും ചെയ്തു. 

ഒരു പെൺകുട്ടിയുടെ നില ഗുരുതരമായതോടെയാണ് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ഇവരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും പൊലീസിൽ അറിയിക്കുന്നതും. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ച് വിളിച്ചു വരുത്തി ആരോഗ്യ നിലയിൽ കുഴപ്പമില്ലാത്ത പെൺകുട്ടിയെ തിരിച്ചയച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയുടെ മാതാപിതാക്കൾ വിദേശത്താണുള്ളത്. ഇവരുടെ ബന്ധുക്കൾ ഇപ്പോൾ ആശുപത്രിയിലുണ്ട്. 

സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നു പൊലീസ് പറയുന്നു. അതുകൊണ്ടു തന്നെ സംഭവത്തിൽ കാര്യമായ അന്വേഷണവും ഉണ്ടായിട്ടില്ല.  പെൺകുട്ടികൾക്ക് സ്ഥലം വ്യക്തമല്ലാത്തതിനാൽ ലോ‍ഡ്ജ് മുറികൾ കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. സംഭവത്തിൽ മറ്റാരും ഇടപെട്ടിട്ടില്ല എന്നു പൊലീസ് പറയുമ്പോഴും ഒറ്റയ്ക്ക് പെൺകുട്ടി എങ്ങനെ അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ എത്തിച്ചു എന്ന കാര്യത്തിൽ സംശയമുണ്ട്. എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നു പരിശോധിക്കുന്നതായും പൊലീസ് പറയുന്നു. 

English Summary: Two girls found in a lodge room in kochi updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com