ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ കെമിസ്റ്റ് കഴുത്തറുത്തു കൊല്ലപ്പെട്ട സംഭവത്തിൽ എൻഐഎ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്. ഉമേഷ് കോലി (54) എന്നയാൾ കൊല്ലപ്പെട്ടതിലാണു കേന്ദ്ര സർക്കാർ നടപടി. സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യ ലാൽ എന്ന തയ്യൽക്കാരനെ കഴുത്തറുത്തു കൊന്ന സംഭവവുമായി ഉമേഷ് കോലിയുടെ മരണത്തിനു ബന്ധമുണ്ടെന്നാണ് ആരോപണം.

അമരാവതിയിലെ ബിജെപി നേതൃത്വമാണ് ഉമേഷിന്റെ മരണത്തിൽ സംശയവും പരാതിയുമായി രംഗത്തെത്തിയത്. തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് എൻഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ‘ഉമേഷിന്റെ മരണത്തിനു നൂപുർ ശർമ വിവാദവുമായി ബന്ധമുണ്ട്. പൊലീസിലെ ചിലരും അങ്ങനെ സംശയിക്കുന്നു. നൂപുർ ശർമയെ പിന്തുണച്ചതിനാണ് ഉമേഷിനെ കൊന്നതെന്നു പ്രതികൾ സമ്മതിച്ചെന്നാണു കേൾക്കുന്നത്. പൊലീസ് ഇക്കാര്യം മറച്ചുവയ്ക്കുകയാണ്.’– അമരാവതിയിലെ ബിജെപി നേതാവ് തുഷാർ ഭാരതീയ പറഞ്ഞു.

ജൂൺ 21നാണ് വെറ്ററിനറി കെമിസ്റ്റായ ഉമേഷ് കോലി കൊല്ലപ്പെട്ടത്. അമരാവതിയിലെ തന്റെ ഷോപ്പിൽനിന്നു മടങ്ങുംവഴി, രാത്രി പത്തു മണിയോടെ, മോട്ടർ സൈക്കിളിൽ എത്തിയ രണ്ടുപേർ കഴുത്തറുത്തു കൊല്ലുകയായിരുന്നു എന്നാണു കേസ്. ഇയാളുടെ ഭാര്യയും മകനും മറ്റൊരു വാഹനത്തിൽ പിന്നാലെയുണ്ടായിരുന്നു.

കേസിൽ 6 പേർ അറസ്റ്റിലായി. കൊല്ലാനുപയോഗിച്ച കത്തിയും സംഭവത്തിന്റെ സിസിടിവി ദൃശ്യവും കണ്ടെടുത്തു. നൂപുർ ശർമയെ അനുകൂലിച്ചു പോസ്റ്റിട്ടതിനാണു കൊലപാതകമെന്നു പ്രതികൾ സമ്മതിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിക്രം സാലി പറഞ്ഞു. കനയ്യ ലാലിനെ പോലെ ഉമേഷും നൂപുർ ശർമയെ പിന്തുണയ്ക്കുന്ന പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നതായി ബിജെപിയും പറയുന്നു. കനയ്യ ലാൽ വധവും എൻഐഎ അന്വേഷിക്കുകയാണ്.

English Summary: CCTV Shows Maharashtra Killers, Anti-Terror Probe Ordered After Udaipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com