നിങ്ങളുടെ ഓഫിസ് ആക്രമിക്കപ്പെട്ടപ്പോൾ സിപിഎം അപലപിച്ചു; തിരിച്ചുണ്ടായില്ലല്ലോ? രാഹുലിനോട് റിയാസ്

1248-rahul-riyas
രാഹുൽ ഗാന്ധി എംപി: ചിത്രം: facebook.com/rahulgandhi, മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചിത്രം: facebook.com/PAMuhammadRiyas
SHARE

തിരുവനന്തപുരം∙ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിക്കപ്പെട്ടപ്പോൾ സിപിഎം അപലപിച്ചുവെന്നും എന്നാൽ എകെജി സെന്ററിനു നേരെ ആക്രമണം നടന്നപ്പോൾ അതിനെ ഒരു വാക്ക് പറഞ്ഞു അപലപിച്ചില്ലെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘തുടർ പ്രതിപക്ഷം’ സൃഷ്ടിച്ച മനോവിഭ്രാന്തി പിടിപെട്ട കേരളത്തിലെ  കോൺഗ്രസും,അവരെ ചികിത്സിക്കുവാനാകാത്ത രാഹുല്‍ഗാന്ധിയും, ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും എന്ന ശീർഷകത്തിലുള്ള ഫെയ്‌സ്ബുക് കുറിപ്പിലൂടെയായിരുന്നു മന്ത്രി റിയാസിന്റെ വിമർശനം. 

ആര്‍ക്കും ആക്രമിക്കുവാൻ തോന്നേണ്ട ഒരിടമാണ് എകെജി സെന്‍റര്‍ എന്നല്ലേ ഇതുവരെ വന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളെല്ലാം കേട്ടാല്‍ തോന്നുക. ബിജെപിക്ക് ദേശീയതലത്തില്‍‌ ബദൽ ഉയര്‍ത്തുന്ന നയങ്ങളുമായി മുന്നോട്ട് പോകുന്ന കേരളത്തിലെ സര്‍ക്കാരിനെയും എൽഡിഎഫിനെയും എല്ലാ നിലയിലും തേജോവധം ചെയ്യാനൂളള തുടര്‍ച്ചയായ ആശയപ്രചരണം ഏറ്റവുമധികം സന്തോഷിപ്പിക്കുക സംഘപരിവാറിനെയല്ലെയെന്നും റിയാസ് ചോദിക്കുന്നു. 

പൗരത്വ നിയമ പ്രശ്നത്തിൽ ഉൾപ്പെടെ മതനിരപേക്ഷ ഇന്ത്യയ്ക്ക് ആവേശമായി മാറിയ എൽഡിഎഫ് സർക്കാരിനെതിരെയുള്ള കലാപ നീക്കം പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് നേതൃത്വം അതിലൂടെ സഹായിക്കുന്നത് സംഘപരിവാർ രാഷ്ട്രീയത്തെ അല്ലേ? ബിജെപിക്കെതിരെ, കേന്ദ്ര സര്‍ക്കാരിനെതിരെ ഒരക്ഷരം ശബ്ദിക്കുവാൻ തയാറാകാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് ഏത് രാഷ്ട്രീയത്തെയാണ് താലോലിക്കുന്നതെന്നും റിയാസ് ചോദിക്കുന്നു. 

മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം 

‘തുടർ പ്രതിപക്ഷം’സൃഷ്ടിച്ച മനോവിഭ്രാന്തി പിടിപെട്ട കേരളത്തിലെ  കോൺഗ്രസും, അവരെ ചികിത്സിക്കുവാനാകാത്ത രാഹുല്‍ഗാന്ധിയും,ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും...

കേരള ചരിത്രത്തിൽ ആദ്യമായി തുടര്‍‌പ്രതിപക്ഷമായതിന്‍റെ ഭാഗമായി അന്ധമായ ഇടതുപക്ഷ വിരുദ്ധത തലയ്ക്ക് പിടിച്ച്, വിഭ്രാന്തിയില്‍ എന്തൊക്കെയോ പറയുകയും  പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വം അവരുടെ അണികളെ കൊണ്ടെത്തിക്കുന്നത് സംഘപരിവാര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയത്തിലേക്കല്ലേ..?

എകെജി സെന്‍റര്‍ ആക്രമത്തെ ഈ നിമിഷം വരെ അപലപിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായോ? ഇന്നലെ രാഹുൽ ഗാന്ധി കേരളം സന്ദർശിച്ചിരുന്നു. രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിക്കപ്പെട്ടപ്പോൾ അപലപിച്ചവരാണ് സിപിഎം. എന്നാൽ എകെജി സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ അതിനെ ഒരു വാക്ക് പറഞ്ഞു അപലപിക്കുവാൻ  രാഹുൽ ഗാന്ധി പോലും തയാറാകാത്തത് ദൗർഭാഗ്യകരമല്ലേ ?

ആര്‍ക്കും ആക്രമിക്കുവാൻ തോന്നേണ്ട ഒരിടമാണ് എകെജി സെന്‍റര്‍ എന്നല്ലേ ഇതുവരെ വന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളെല്ലാം കേട്ടാല്‍ തോന്നുക.?

ബിജെപിക്ക് ദേശീയതലത്തില്‍‌ ബദൽ ഉയര്‍ത്തുന്ന നയങ്ങളുമായി മുന്നോട്ട് പോകുന്ന കേരളത്തിലെ സര്‍ക്കാരിനെയും എൽഡിഎഫിനെയും ഏല്ലാ നിലയിലും തേജോവധം ചെയ്യാനൂളള തുടര്‍ച്ചയായ ആശയപ്രചാരണം ഏറ്റവുമധികം സന്തോഷിപ്പിക്കുക സംഘപരിവാറിനെയല്ലേ..? 

പ്രതിപക്ഷ ഐക്യത്തോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തില്‍ യശ്വന്ത് സിന്‍ഹയുടെ തിരുവനന്തപുരം സന്ദര്‍ശനത്തെ പോലും ഇടതുപക്ഷ വിരുദ്ധമാക്കാന്‍ ശ്രമിച്ച കെപിസിസി പ്രസിഡന്‍റിന്‍റെ ഫെയ്‌സ്ബുക് പോസ്റ്റ്, ബിജെപിക്കെതിരെയുള്ള പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തോട് അലര്‍ജിയുള്ളത് കൊണ്ടല്ലേ..?

പൗരത്വ നിയമ പ്രശ്നത്തിൽ ഉൾപ്പെടെ മതനിരപേക്ഷ ഇന്ത്യയ്ക്ക് ആവേശമായി മാറിയ എൽഡിഎഫ് സർക്കാരിനെതിരെയുള്ള കലാപ നീക്കം പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് നേതൃത്വം അതിലൂടെ സഹായിക്കുന്നത് സംഘപരിവാർ രാഷ്ട്രീയത്തെ അല്ലേ? 

ബിജെപിക്കെതിരെ, കേന്ദ്ര സര്‍ക്കാരിനെതിരെ ഒരക്ഷരം ശബ്ദിക്കുവാൻ തയ്യാറാകാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് ഏത് രാഷ്ട്രീയത്തെയാണ് താലോലിക്കുന്നത്..?

ബിജെപിയല്ല, ഇടതുപക്ഷമാണ് മുഖ്യശത്രു എന്ന പ്രഖ്യാപിത മുദ്രാവാക്യം ഉയര്‍ത്തുന്ന കെപിസിസി പ്രസിഡന്‍റ്,ബിജെപി, എസ്‍ഡിപിഐ അടക്കമുള്ളവരെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനെത്തിരെ  ശബ്ദിക്കാൻ എന്തേ കോൺഗ്രസ്   ദേശീയനേതൃത്വവും മടി കാട്ടുന്നു..?

ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ  എസ്എഫ്ഐ സഖാവ് ധീരജിനെ യൂത്ത്കോൺഗ്രസ് നേതാവ് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ  'ചോദിച്ചു വാങ്ങിയ രക്തസാക്ഷിത്വം' എന്ന കെപിസിസി പ്രസിഡണ്ടിന്റെ  പ്രസ്താവനയെ തിരുത്താൻ എന്തുകൊണ്ട് കോൺഗ്രസ് ദേശീയ നേതൃത്വം തയാറായില്ല..? 

മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് ആക്രമിക്കുവാൻ ശ്രമിച്ച പ്രവൃത്തിയെ അപലപിച്ചില്ല എന്ന് മാത്രമല്ല, ജയിൽ മോചിതരായ പ്രതികളെ മാലയിട്ട് സ്വീകരിച്ച കെപിസിസി നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വം കണ്ടില്ലേ..? 

സംഘപരിവാർ സ്പോൺസർ ചെയ്യുന്ന വിവാദങ്ങൾ നിയമസഭയിൽ ഏറ്റെടുക്കുന്ന കോൺഗ്രസ് നിലപാട്  ബിജെപി അംഗങ്ങൾ സഭയിൽ ഇല്ലാത്ത കുറവ് നികത്തുകയല്ലെ..? 

വേട്ടയാടപ്പെടേണ്ടതാണ് ഞങ്ങളുടെ പാര്‍ട്ടി ഓഫിസുകളും സഖാക്കളും എന്തിനധികം, ദേശാഭിമാനി പത്രത്തിന്റെ ഓഫിസ് വരെ എന്ന്  തോന്നുംവിധം ഇടതുപക്ഷ വിരുദ്ധരെയെല്ലാം ഏകോപിപ്പിക്കുവാനും ഉത്തേജനം നൽകുവാനും കോൺഗ്രസ് നേതൃത്വം തയാറാകുമ്പോൾ സംഘപരിവാർ രാഷ്ട്രീയപാതയ്ക്കല്ലേ സൗകര്യമുണ്ടാക്കുന്നത് ?

ഇതാദ്യമായല്ല എകെജി സെന്റര്‍ ആക്രമിക്കപ്പെടുന്നത്. 1983 ഒക്ടോബര്‍ 31 നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് കെഎസ്‌യു ബോംബെറിഞ്ഞത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കവെ പകല്‍ 12നാണ് അക്രമികള്‍  ബോംബെറിഞ്ഞത്. ഒന്നല്ല, നിരവധി തവണ. എട്ടെണ്ണം എകെജി സെന്ററിന്റെ മതിലില്‍ തട്ടി പൊട്ടിത്തെറിച്ചു. നാലെണ്ണം പൊട്ടാതെ പൊലീസ് കണ്ടെടുത്തു.

1991  ൽ എകെജി സെന്ററിന്‌ മുന്നിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത്‌ പൊലീസായിരുന്നു. പാർട്ടി നേതാക്കളെല്ലാം സെന്ററിനുള്ളിലുള്ളപ്പോൾ പൊലീസ്‌ എകെജി സെന്ററിന്‌ നേരെ വെടിയുതിർത്തു. എന്നിട്ടൊന്നും ഈ പ്രസ്ഥാനം ദുർബലപ്പെടുകയായിരുന്നില്ല, കൂടുതൽ ജന പിന്തുണയോടെ വളരുകയായിരുന്നു. ഇനിയും ജനങ്ങളെ അണിനിരത്തി സമാധാനപരമായി ജനാധിപത്യപരമായി ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ഈ പാർട്ടി മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും. ഒരു കാര്യം കൂടി സൂചിപ്പിച്ച് അവസാനിപ്പിക്കാം,ബിജെപിക്ക്  കേരളത്തിൽ സംസ്ഥാനകമ്മിറ്റിയുടെ ആവശ്യമുണ്ടോ ?കോൺഗ്രസ് ഭംഗിയായി ആ കർമ്മം നിർവഹിക്കുന്നില്ലേ ?

-പി.എ .മുഹമ്മദ്‌ റിയാസ്‌ -

English Summary: Attack On AKG Centre: Muhammad Riyas  criticizes Rahul Gandhi on BJP endorsement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS