ADVERTISEMENT

ഹൈദരാബാദ്∙ ബിജെപിയുടെ ദേശീയ നിർവാഹക സമിതി യോഗം നടക്കുന്ന ഹൈദരാബാദിൽ മോദിവിരുദ്ധ ഹോർഡിങ്ങുകളുയർത്തി മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ശക്തിപ്രകടനം. ശനിയാഴ്ച വൈകിട്ട് നാലിനാണ് ബിജെപി ദേശീയ നിർവാഹക സമിതി യോഗം ആരംഭിക്കുന്നത്. മാധാപുർ ഹൈദരാബാദ് രാജ്യാന്തര കൺവൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ദേശീയ നേതാക്കൾ വൈകിട്ടോടെ എത്തും.

bjp-national-meeting
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ, പിയൂഷ് ഗോയൽ എന്നിവർ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കുന്നു. ചിത്രം: അരവിന്ദ് ജെയിൻ

ബൂത്തു തലത്തിൽ പ്രവർത്തനം ശക്തമാക്കാനും ജനങ്ങളുമായി നിരന്തര സമ്പർക്കത്തിലേർപ്പെടാനും ബിജെപി ദേശീയ നിർവാഹക സമിതിയോടനുബന്ധിച്ചു നടന്ന ദേശീയ ഭാരവാഹി യോഗം തീരുമാനിച്ചു. യുപിയിലും ഉത്തരാഖണ്ഡിലും മണിപ്പുരിലും വിവിധ ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടി നേടിയ ഉജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ നേതൃത്വത്തെയും യോഗം അനുമോദിച്ചതായി ദേശീയ വൈസ് പ്രസിഡന്റ് വസുന്ധര രാജെ പറഞ്ഞു. ദരിദ്രരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കിയതിന് യോഗം പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു. ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ അധ്യക്ഷത വഹിച്ചു.

bjp-modi
ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നു. ചിത്രം: അരവിന്ദ് ജെയിൻ

കഴിഞ്ഞ 5 വർഷത്തിനിടെ ‍ഡൽഹിക്കു പുറത്തു നടക്കുന്ന ആദ്യത്തെ ദേശീയ നിർവാഹക സമിതി യോഗമാണിത്. 2015ൽ ബെംഗളൂരുവിലും 2016ൽ കോഴിക്കോട്ടും നടന്ന ശേഷം ദക്ഷിണേന്ത്യയിൽ നടക്കുന്ന ആദ്യത്തെ ഉന്നതതല യോഗവും ഇതാണ്. ഇതിനു മുൻപ് 2004ലാണ് ഹൈദാരാബാദിൽ ദേശീയ എക്സിക്യുട്ടീവ് ചേർന്നത്.

bjp-trs-flags-twitter
ഹൈദരാബാദ് നഗരത്തിൽ ബിജെപി, ടിആർഎസ് പതാകകൾ നിറഞ്ഞപ്പോൾ. ചിത്രം: ട്വിറ്റർ

മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കു കൂടുതൽ പ്രചാരം നൽകുന്നതിനും ബിജെപി ഇതുവരെ ജയിക്കാത്ത മേഖലകളിൽ പ്രവർത്തനം ഊർജിതമാക്കുന്നതിനുമുള്ള പദ്ധതികൾ 2 ദിവസത്തെ നിർവാഹക സമിതി യോഗം ചർച്ച ചെയ്യും. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തെലങ്കാനയിൽ പാർട്ടി ശക്തിപ്പെടുത്തുന്നതിനും പ്രാധാന്യം നൽകും.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾ എന്നിവയ്ക്കൊപ്പമാണ് ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളും എക്സിക്യുട്ടീവിൽ ചർച്ച ചെയ്യുന്നത്. വൈകാതെ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെയും അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതും കോൺഗ്രസ് ഭരിക്കുന്നതുമായ ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് യോഗം ഊന്നൽ നൽകും.

ഹൈദരാബാദിൽത്തന്നെ യോഗം തീരുമാനിച്ചത് തെലങ്കാനയിൽ മുഖ്യപ്രതിപക്ഷമെന്ന നിലയിൽ തെലങ്കാന രാഷ്ട്രസമിതി സർക്കാരിനെതിരെയുള്ള ബിജെപിയുടെ യുദ്ധപ്രഖ്യാപനം കൂടിയാണെന്നും വിലയിരുത്തലുണ്ട്. തെലങ്കാനയടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കുന്നതിനും യോഗത്തിൽ മുൻതൂക്കം നൽകുന്നുണ്ട്.

bjp-executive-meeting
ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ നരേന്ദ്രമോദിയെ പൊന്നാടയണിയിച്ച് സ്വീകരിക്കുന്നു. ചിത്രം: അരവിന്ദ് ജെയിൻ

മേയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും തെലങ്കാനയിൽ പര്യടനത്തിനിടെ ചന്ദ്രശേഖർ റാവു സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. കുടുംബാധിപത്യ പാർട്ടികളെ അടുത്ത തവണ തെലങ്കാന തുരത്തിയോടിക്കുമെന്ന് മോദി പറഞ്ഞപ്പോൾ അഴിമതി നിറഞ്ഞ സർക്കാരാണ് ടിആർഎസിന്റേത് എന്നതായിരുന്നു അമിത്ഷായുടെ വിമർശനം.

∙ നേർക്കുനേർ ബിജെപിയും ടിആർഎസും

കനത്ത സുരക്ഷാ സംവിധാനങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. യോഗം നടക്കുന്ന ഹൈടെക് സിറ്റി പരിസരങ്ങളിൽ നാലാം തീയതി വൈകിട്ട് ആറു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോണുകൾക്കും മറ്റും വിലക്കേർപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നേതാക്കളുടെയും കട്ടൗട്ടുകൾ ബിജെപി നഗരം മുഴുവൻ ഉയർത്തിയപ്പോൾ ‘ബൈ ബൈ മോദി’ എന്ന ഹോർഡിങ്ങുകളുയർത്തി സംസ്ഥാന ഭരണകക്ഷി തെലങ്കാന രാഷ്ട്ര സമിതിയും പ്രതികരിക്കുന്നുണ്ട്.

bjp-trs-hyderabad-twitter
ബിജെപി, ടിആർഎസ് കട്ടൗട്ടുകൾ അടുത്തടുത്ത് സ്ഥാപിച്ചിരിക്കുന്നു. ചിത്രം: ട്വിറ്റർ

കർഷക നിയമങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും ടിആർഎസ് ഉയർത്തുന്നുണ്ട്. ബിജെപി നേതാക്കൾ താമസിക്കുന്ന ഹോട്ടലുകളുടെയും യാത്ര ചെയ്യുന്ന വഴികളിലുമൊക്കെ മോദി സർക്കാരിന്റെ ഭരണ പരാജയങ്ങൾ എഴുതിയ ഹോർഡിങ്ങുകളാണ് ഉയർത്തിയിരിക്കുന്നത്. ബിജെപിയാകട്ടെ ടിആർഎസ് സർക്കാരിന്റെ വീഴ്ചകളും എടുത്തു പറയുന്നു.

പ്രധാനമന്ത്രി ഹൈദരാബാദിൽ എത്തുന്നതിന് അൽപം മുൻപ് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ എത്തുന്നുണ്ട്. അദ്ദേഹത്തെ സ്വീകരിക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും മന്ത്രിമാരും എത്തും. എന്നാൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ റാവു എത്തില്ലെന്നാണ് ലഭ്യമായ വിവരം.

English Summary: To Counter BJP's Big Outreach In Hyderabad, KCR's Massive Show Of Strength

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com