ലഹരിമരുന്നുകളുടെ വിലകുറച്ച് മാഫിയകൾ; ലക്ഷ്യം പെൺകുട്ടികളും, 24 മണിക്കൂർ ലഹരി

delhi-drugs-arrest
Creative: Manorama online
SHARE

കോഴിക്കോട്∙ രാസ ലഹരിമരുന്നുകൾ വ്യാപകമാക്കാൻ മാഫിയകളുടെ ശ്രമം; വില കുറച്ച് വിൽപന നടക്കുന്നതായി പൊലീസിനു സൂചന. ഒരാഴ്ച മുൻപുവരെ ഗ്രാമിന് 2,000 രൂപ വരെ വിലയിട്ടു വിറ്റിരുന്ന എംഡിഎംഎ ഇപ്പോൾ ഗ്രാമിന് ആയിരം രൂപയായി വിലകുറച്ചാണു വിൽക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.

ഗോവയിൽനിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായാണ് രാസലഹരി വസ്തുക്കൾ ജില്ലയിലേക്ക് വിവിധ വഴികളിലൂടെ കടന്നുവരുന്നതെന്ന് ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സിനു (ഡൻസാഫ്) വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പന്നിയങ്കരയിൽനിന്ന് ഡൻസാഫ് പിടികൂടിയ രണ്ടു യുവാക്കളാണ് എംഡിഎംഎയുടെ വിപണിവില കുറച്ച് വിൽ‍പന സജീവമാക്കിയതായി വിവരം നൽകിയത്.

ഒരിക്കൽ ഉപയോഗിച്ചു കഴിഞ്ഞാൽ രക്ഷപ്പെടാൻ കഴിയാത്തവിധം ലഹരിക്ക് അടിമപ്പെടുത്തുന്നതാണ് രാസ ലഹരിമരുന്നുകൾ. തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള രാസലഹരിമരുന്നുകൾ ദിനംപ്രതി ലഹരി വിപണിയിൽ വിവിധ പേരുകളിലായി പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് സൂചന. പ്രധാനമായും പെൺകുട്ടികളെയും യുവതലമുറയെയും ലക്ഷ്യംവച്ചാണ് ലഹരി മാഫിയ രാസലഹരിമരുന്ന് ചെറുകിട വിതരണക്കാരിലൂടെ വിൽപന നടത്തുന്നത്.

12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ ലഹരി നീണ്ടുനിൽക്കും. വെള്ളത്തിൽ കലക്കി കുടിക്കുകയോ പുകച്ച് വലിക്കുകയോ നേരിട്ട് അകത്താക്കുകയോ ചെയ്യാവുന്ന, ഏതുതരത്തിലും ഉപയോഗിക്കാവുന്ന എംഡിഎംഎയുടെ വരവ് ജില്ലയിൽ ലഹരിമാഫിയയുടെ വിപണി സജീവമാക്കിയതായാണ് പൊലീസിന്റെ നിഗമനം.

എംഡിഎംഎയുമായി യുവാവ് പിടിയിൽ

രാത്രികാലത്ത് ഫുട്ബോൾ ടർഫുകളിലെത്തുന്നവരെ ലക്ഷ്യമിട്ട് വിൽപനയ്ക്കെത്തിച്ച രാസലഹരിമരുന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാത്തോട്ടം മോട്ടിമഹലിൽ റോഷനാണ് (22)  വെള്ളിയാഴ്ച രാത്രി പന്നിയങ്കര പൊലീസിന്റെ പിടിയിലായത്.

roshan
റോഷൻ.

നർകോട്ടിക് സെൽ അസി. കമ്മിഷണർ പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സും ഫറോക്ക് അസി. കമ്മിഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിൽ പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. 

മാത്തോട്ടം സ്വദേശികളായ രണ്ടുപേരെ എംഡിഎംഎ യുമായി നഗരത്തിലെ ഹോട്ടൽമുറിയിൽനിന്നു ഡൻസാഫ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നഗരത്തിലെ വിവിധ ടർഫുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തിൽ പെട്ടയാളാണ് പിടിയിലായ റോഷനെന്ന് പൊലീസ് പറഞ്ഞു.

ഡൻസാഫ് എഎസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപിഒ കെ.അഖിലേഷ്, സിപിഒമാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത്, പന്നിയങ്കര എസ്ഐ കെ.മുരളീധരൻ, എഎസ്ഐ സാജൻ പുതിയോട്ടിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

English Summary: Drug sales in low price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS