‘പീഡിപ്പിക്കാൻ ശ്രമിച്ചു, ലൈംഗികച്ചുവയോടെ സംസാരിച്ചു’; ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

Mail This Article
തിരുവനന്തപുരം ∙ പി.സി.ജോര്‍ജിനെതിരായ പീഡനക്കേസ് പരാതിയില്‍ എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത്. ഫെബ്രുവരി 10ന് തൈക്കാട് ഗെസ്റ്റ് ഹൗസിലെത്തിയ പരാതിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി. ലൈംഗികച്ചുവയോടെ സംസാരിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്‌തു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. 'ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐയ്ക്ക് മുൻപിൽ കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് സിബിഐയെ അറിയിച്ചു. നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. ഇതുകൊണ്ടൊന്നും പിണറായി വിജയൻ രക്ഷപെടില്ല'-പി.സി.ജോര്‍ജ് പറഞ്ഞു.
നേരത്തേ, തിരുവനന്തപുരം മ്യൂസിയം പൊലീസ് തൈക്കാട് ഗെസ്റ്റ് ഹൗസിലെത്തി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും നന്ദാവനം എആര്‍ ക്യാംപിലെത്തിക്കുകയും ചെയ്‌തിരുന്നു. ഐപിസി 354, 354എ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

English Summary: FIR copy of PC George's rape case reveals shocking details