വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം ഒരുക്കി സിയാൽ; ലക്ഷ്യം അധിക വരുമാനം

cial-airport
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കാഴ്‌ച.
SHARE

കൊച്ചി∙ കൊച്ചിയുടെ സമീപത്തുകൂടിയുള്ള രാജ്യാന്തര വ്യോമപാതകളിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം ഒരുക്കി സിയാൽ. ടെക്നിക്കൽ ലാൻഡിങ്ങിനു സിയാൽ സംവിധാനം ഒരുക്കിയിട്ടു മൂന്നു ദിവസം പിന്നിട്ടു. ഇതിനിടെ ഒമ്പതു രാജ്യാന്തര വിമാനങ്ങളാണ് ഇവിടെ ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയത്. 4.75 ലക്ഷം ലീറ്റർ ഇന്ധനമാണ് വിമാനങ്ങളിൽ നിറച്ചത്. ഇന്ധന വിൽപനയിലൂടെയുള്ള ലാഭത്തിനു പുറമേ ലാൻഡിങ് ഫീ ഉൾപ്പടെയുള്ള അധിക വരുമാനവും ലക്ഷ്യമിട്ടാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. 

ശ്രീലങ്കയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ ഏതാനും വിമാനകമ്പനികൾ ഈ ആവശ്യവുമായി സിയാലിനെ സമീപിച്ചിരുന്നു. ഇതോടെയാണ് ഇതിനുള്ള സൗകര്യം ഒരുക്കാൻ സിയാൽ തീരുമാനിച്ചത്. ഇതോടെ കൊളംബോയിൽ നിന്നു യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും ഗൾഫ് രാജ്യങ്ങളിലേയ്ക്കും പോകുന്ന വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാനായി കൊച്ചിയിലിറങ്ങിയത്. ഈ സാധ്യത മുന്നിൽ കണ്ടതോടെ സിയാലിന്റെ വിമാന ഇന്ധന ഹൈഡ്രന്റ് സംവിധാനങ്ങളും പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാൻ സിയാൽ പദ്ധതി തയ്യാറാക്കിയിരുന്നു. 

ഏറ്റവും കുറഞ്ഞ ടേൺ എറൗണ്ട് സമയത്തിൽ വിമാനത്തിൽ ഇന്ധനം നിറച്ചു വീണ്ടും സർവീസ് നടത്തുക, കൊച്ചി വിമാനത്താവളത്തിന്റെ സാധാരണ പ്രവർത്തനത്തിനും ട്രാഫിക്കിനും തടസ്സം നേരിടാതെ നോക്കുക എന്നിവയായിരുന്നു വെല്ലുവിളി. ഇത് പ്രായോഗികമായി നടപ്പിലാക്കിയതോടെ, ജൂലായ് 29 മുതലുള്ള 3 ദിവസങ്ങളിൽ മാത്രം ശ്രീലങ്കൻ എയർലൈൻസിന്റെ കൊളംബോ- ലണ്ടൻ, കൊളംബോ-ഫ്രാങ്ക്ഫർട്ട്, കൊളംബോ- ഷാർജ വിമാനങ്ങൾ, എയർ അറേബ്യയുടെ കൊളംബോ-ഷാർജ സർവീസ്, ജസീറയുടെ കൊളംബോ-കുവൈറ്റ് സർവീസ് എന്നിവയുൾപ്പെ 9 വിമാനങ്ങൾ യാത്രാമധ്യേ കൊച്ചിയിൽ ഇറക്കുകയും ഇന്ധനം സ്വീകരിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഇവിടെ ടെക്നിക്കൽ ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ശ്രീലങ്കയിൽ അനുഭവപ്പെടുന്ന  ഇന്ധന പ്രതിസന്ധിയെ തുടർന്നു രാജ്യാന്തര എയർലൈൻസുകൾ ഇത്തരമൊരു സാധ്യത ആരാഞ്ഞപ്പോൾ തന്നെ കൃത്യമായി ഇടപെടാൻ സിയാലിനു കഴിഞ്ഞതായി മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. കൂടുതൽ എയർലൈനുകൾ ഈ ആവശ്യത്തിനു സിയാലിനെ സമീപിച്ചിട്ടുണ്ട്. കാര്യമായ വരുമാനം ഇതിലൂടെ നേടാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.  

ലോകത്ത് നേരത്തേ മുതൽ നിരവധി വിമാനത്താവളങ്ങൾ ടെക്‌നിക്കൽ ലാൻഡിങ്ങ് സൗകര്യം ഒരുക്കി വരുമാനം നേടുന്നുണ്ട്. സാധാരണ സർവീസുകളിൽ നിന്നു നേടുന്നതിനേക്കാൾ വരുമാനം ടെക്‌നിക്കൽ ലാൻഡിങ്ങിലൂടെ നേടുന്ന വിമാനത്താവളങ്ങളുമുണ്ട്. 

English Summary: Kochi Airport starts new facilitiy to fill fuel for international airlines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA