കരുനാഗപ്പള്ളി∙ കൊല്ലത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും എംസിപിഐയു പൊളിറ്റ്ബ്യൂറോ അംഗവുമായ എൻ. പരമേശ്വരൻ പോറ്റി (70) അന്തരിച്ചു. ഓച്ചിറ ചങ്ങൻകുളങ്ങര തെങ്ങനത്തു മഠം കുടുംബാംഗമാണ്. സിപിഎം ഓച്ചിറ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി, കൊല്ലം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് പരമേശ്വരൻ പോറ്റി 2003ൽ സിപിഎം വിട്ട് വി.ബി. ചെറിയാനൊപ്പം എംസിപിഐയുവിന്റെ രൂപീകരണത്തിൽ മുൻകൈയെടുക്കുകയായിരുന്നു.
1969ൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് എൻ. പരമേശ്വരൻ പോറ്റി പൊതുരംഗത്തെത്തിയത്. എസ്എൻ കോളജ് യുണിറ്റ് സെക്രട്ടറി, എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്, കെഎസ്‌വൈഎഫ് താലൂക്ക് സെക്രട്ടറി, കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം എന്നീ പദവികൾ വഹിച്ചു. അടിയന്തരാവസ്ഥ കാലത്ത് പോറ്റി 18 മാസത്തോളം ഒളിവിൽ പോയിട്ടുണ്ട്.
ഡോ. ശാന്താദേവിയാണ് ഭാര്യ. മക്കൾ: ഡോ. ചിത്ര, മിത്ര. മരുമകൻ: ഡോ. ശ്രീജിത്ത്.
English Summary: N Parameswaran potti passes away