ADVERTISEMENT

തിരുവനന്തപുരം∙ എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക് പോസ്റ്റ് ഇട്ടയാൾക്ക് ജാമ്യം. അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിനെയാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എകെജി സെന്ററിന് കല്ലെറിയുമെന്ന് അഞ്ചു ദിവസം മുൻപ് പോസ്റ്റിട്ട റിജുവിനെ കലാപാഹ്വാനമുൾപ്പെടെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്.

പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഇയാൾക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നില്ല. മൂന്നു ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടിയില്ലെന്ന് മാത്രമല്ല, എത്ര പ്രതികളുണ്ടെന്നതിലടക്കം പൊലീസിന് സര്‍വത്ര ആശയക്കുഴപ്പമാണ്. സ്ഫോടകവസ്തു എറിയാന്‍ സഹായിച്ചയാളെന്ന് കരുതി പിടികൂടിയ തട്ടുകടക്കാരന്‍ നിരപരാധിയെന്ന് തെളിഞ്ഞതോടെ ഒറ്റപ്രതിയിലേക്ക് അന്വേഷണം വീണ്ടും ചുരുക്കി.

പരമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. സ്ഫോടകവസ്തു എറിയുന്നതിന് മുന്‍പു പലതവണ എകെജി സെന്ററിന് മുന്നിലൂടെ ചുവന്ന സ്കൂട്ടറില്‍ സഞ്ചരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളെയാണ് രണ്ടാം പ്രതിയായി കരുതിയത്. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തെങ്കിലും നഗരത്തില്‍ തട്ടുകട നടത്തുന്ന ഇയാള്‍ക്ക് അക്രമവുമായി ബന്ധമില്ലെന്നാണ് സ്ഥിരീകരണം. ഇതോടെ ആദ്യത്തേതു പോലെ ഒരു പ്രതിയിലേക്ക് അന്വേഷണം ചുരുക്കുകയായിരുന്നു.

സ്ഫോടകവസ്തു എറിഞ്ഞയാള്‍ എകെജി സെന്ററില്‍നിന്നു നാല് കിലോമീറ്ററോളം അകലെയുള്ള പൊട്ടക്കുഴി വരെ സഞ്ചരിക്കുന്ന ദൃശ്യങ്ങളേ കണ്ടെത്താനായിട്ടുള്ളൂ. അതിനുശേഷം എങ്ങോട്ടുപോയെന്ന് അറിയില്ല. ലഭ്യമായ ദൃശ്യങ്ങളില്‍നിന്നു വാഹനനമ്പര്‍ തിരിച്ചറിയാനുള്ള ശ്രമമെല്ലാം പരാജയപ്പെട്ടെന്നും പൊലീസ് പറയുന്നു.

EngliSh Summary: AKG Centre Attack: Accused Got Bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com