തിരുവനന്തപുരം ∙ എകെജി സെന്ററില്‍ സ്ഫോടകവസ്തു എറിഞ്ഞിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ല എന്നുമാത്രമല്ല പൊലീസിനു സര്‍വത്ര ആശയക്കുഴപ്പമാണെന്നും റിപ്പോർട്ട്. രണ്ട് പ്രതികളുണ്ടെന്ന ആദ്യ നിഗമനത്തില്‍നിന്ന് പൊലീസ് പിന്നോട്ടു പോയി. രണ്ടാം പ്രതിയായി കണ്ടെത്തിയ സ്കൂട്ടര്‍ യാത്രക്കാരന് ആക്രമത്തില്‍ പങ്കില്ലെന്നു സ്ഥിരീകരിച്ചു. ഇതോടെ എകെജി സെന്‍ററിലേക്ക് കല്ലെറിയുമെന്ന് ഫെയ്സ്ബുക് പോസ്റ്റിട്ട ഒറ്റ പ്രതിയിലേക്ക് അന്വേഷണം ചുരുങ്ങി.
അന്വേഷണം ഇതുവരെ കൃത്യമായ ട്രാക്കിലേക്ക് എത്തിയിട്ടില്ലെന്നതാണ് ആശയക്കുഴപ്പത്തിനു കാരണം. സ്ഫോടക വസ്തു എറിഞ്ഞയാള്‍ ഒരു പ്രതിയെന്നും ചുവന്ന സ്കൂട്ടറിൽ പ്രദേശത്തുകൂടി പോയ ആളായിരിക്കാം സ്ഫോടകവസ്തു ഇയാൾക്കു കൈമാറിയതെന്നും ആയിരുന്നു സിസിടിവി ദൃശ്യങ്ങളിൽനിന്ന് പൊലീസ് എത്തിയ നിഗമനം. അക്രമം ഉണ്ടാകുന്നതിന് മുൻപു രണ്ട് പ്രാവശ്യം ഈ സ്കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു.
എന്നാൽ ചുവന്ന സ്കൂട്ടറിൽ യാത്ര ചെയ്തത് തിരുവനന്തപുരം നഗരത്തിൽ തട്ടുകട നടത്തുന്ന യുവാവാണെന്നും ഇയാളെ അനൗദ്യോഗികമായി ചോദ്യം ചെയ്തപ്പോൾ കൃത്യത്തിൽ പങ്കില്ലെന്നു വ്യക്തമാവുകയുമായിരുന്നു. ഇതോടെ ഒരാൾ മാത്രമാണ് കൃത്യത്തിൽ പങ്കെടുത്തതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. എന്നാൽ അയാൾ ആരാണെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നാണ് ഇതുവരെ പൊലീസ് പറഞ്ഞിരുന്നത്. ആ വഴിയാണ് ഇപ്പോള്‍ അടഞ്ഞിരിക്കുന്നത്. അന്വേഷണം തുടങ്ങി മൂന്നു രാത്രിയും രണ്ടു പകലും പിന്നിടുമ്പോഴും ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ആരാണ് പ്രതി, എത്ര പ്രതികളുണ്ട്, എങ്ങനെയാണവർ കൃത്യം നടത്തിയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.
സ്ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണു നിഗമനം. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പൊലീസ് പരിശോധിക്കുകയാണ്. എകെജി സെന്ററിലേക്കു കല്ലെറിയുമെന്നു ഫെയ്സ്ബുക് പോസ്റ്റിട്ടതിനു കസ്റ്റഡിയിലെടുത്തയാള്‍ക്കും അക്രമവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
English Summary: AKG Centre attack: Kerala Police in confusion