പുനലൂരിൽ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നു വീണു; കോതമംഗലം മണികണ്ഠൻ ചാൽ മുങ്ങി

SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുന്നു. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ ഭാഗമായാണ് പരക്കെയുള്ള മഴ. വിവിധ ജില്ലകളിൽ മഴ കനത്തതോടെ പലയിടങ്ങളിലും മഴക്കെടുതിയും റിപ്പോർട്ട് ചെയ്തു. കനത്ത മഴയില്‍ മൂവാറ്റുപുഴ പുനലൂര്‍ സംസ്ഥാന പാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞുതാണു.

കൊല്ലം പുനലൂര്‍ നെല്ലിപ്പള്ളിയിലെ ഗാബിയന്‍ ഭിത്തിയാണു കല്ലടയാറ്റിലേക്ക് തകര്‍ന്നു വീണത്. കല്ലടയാറുമായി അതിർത്തി പങ്കിടുന്ന പുനലൂര്‍ നെല്ലിപ്പളളി ഭാഗത്ത് ഗാബിയന്‍ രീതിയില്‍‌ നിര്‍മിച്ച സംരക്ഷണഭിത്തിയാണിത്. മൂവാറ്റുപുഴ പുനലൂർ സംസ്ഥാന ഹൈവേയിൽ പുനർനിർമാണം പുരോഗമിക്കുന്ന കോന്നി–പുനലൂർ റീച്ചിൽ മഴ കനത്ത നഷ്ടമുണ്ടാക്കി.

ഏകദേശം നൂറു മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി കല്ലടയാറ്റിലേക്കു തകര്‍ന്നു വീണു. കല്ലടയാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ സംസ്ഥാനപാതയിലേക്ക് വെള്ളം കയറാതിരിക്കാനാണ് കൂറ്റന്‍ ഗാബിയന്‍ ഭിത്തി നിര്‍മിച്ചിരുന്നത്. പ്രത്യേകം നിർമിച്ച ഇരുമ്പ് വലയിൽ ചതുരാകൃതിയിൽ കരിങ്കല്ലുകൾ അടുക്കി നിർമിക്കുന്നതാണ് ഗാബിയൻ ഭിത്തി. നിര്‍മാണത്തിലെ പിഴവാണ് ലക്ഷങ്ങളുടെ നഷ്ടത്തിനു കാരണമെന്നാണ് ആരോപണം. 

പുനലൂരിൽ നെല്ലിപ്പള്ളിക്കും ടിബി ജംക്‌ഷനും മധ്യേ മൂന്നിടത്താണ് കെഎസ്ടിപി ഗാബിയന്‍ ഭിത്തി നിര്‍മിച്ചത്. 1992ൽ കല്ലടയാർ കരകവിഞ്ഞ് ഒഴുകിയപ്പോൾ ഈ ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു. കനത്ത മഴയിൽ കോതമംഗലം മണികണ്ഠൻ ചാൽ മുങ്ങി. കുട്ടൻപുഴ മേഖലയിലെ പ്രധാനപാലമാണ് വെള്ളത്തിനടിയിലായത്. അറുപതിലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.  ഈ പ്രദേശത്തേയ്ക്കുളള ഏക യാത്രാമാര്‍ഗം അടഞ്ഞതോടെ ആദിവാസി കുടികൾ ഒറ്റപ്പെട്ടു. 

ഇടുക്കിയിൽ ശക്തമായ മഴയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഇടുക്കി പതിനാറാംകണ്ടം ചോട്ടുപുറത്ത് എൽസമ്മയുടെ വീടിന്റെ അടുക്കളഭാഗത്തെ വലിയ മൺതിട്ട ഇടിഞ്ഞ് ഭിത്തി തകർന്നു. കുടുംബാംഗങ്ങൾ നേരിയ പര‍ുക്കുകളോടെ രക്ഷപെട്ടു. ജലനിരപ്പ് ഉയർന്നതോടെ പാമ്പ്ല ഡാമിന്റെ ഷട്ടർ തുറന്നു. പെരിയാറിന്റെ കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകൾ  തുടങ്ങുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 

English Summary: Heavy rain wreaks havoc in Various districts in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS