ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ദുരൂഹമായ സംഭവങ്ങൾ ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനാണ് പിണറായി വിജയൻ എന്ന് സുധാകരൻ ഫെയ്സ്ബുക് പോസ്റ്റിൽ ആരോപിച്ചു. നേരിടുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.

കെ.സുധാകരന്റെ പോസ്റ്റ് വായിക്കാം:  

'താൻ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനാണ് പിണറായി വിജയൻ. ആ പരിപ്പ് ഇനിയും കേരളത്തിൽ വേവില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കും. ഞങ്ങൾ നിയമസഭയ്ക്ക് അകത്തും പുറത്തും ചോദിച്ച ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിൽ നിൽക്കുകയാണ്.

ഒരൊറ്റ ചോദ്യത്തിന് പോലും മറുപടി പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചിട്ടില്ല. ഇത് നാടിന്റെ സംശയങ്ങൾ ബലപ്പെടുത്തുകയാണ്. ജനശ്രദ്ധ തിരിച്ചുവിടാൻ, ബുദ്ധിശൂന്യനായ കൺവീനറുടെ കയ്യിൽ പടക്കം കൊടുത്തുവിടുമ്പോൾ, അതയാളുടെ കൈയ്യിൽ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നു. മണ്ടത്തരങ്ങൾക്കും വിടുവായത്തങ്ങൾക്കും പണ്ടേ പേരുകേട്ട അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണങ്ങൾ ജനങ്ങൾക്ക് സത്യം ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്!

കൺവീനറുടെ തലയിലെ വെടിയുണ്ട മജ്ജയിൽ ലയിച്ചില്ലാതായത് പോലെ, ഓഫിസിന് പടക്കമെറിഞ്ഞയാളും മാഞ്ഞുപോകുന്ന കാഴ്ച കണ്ട് കേരളം ചിരിക്കുകയാണ്. ശ്രദ്ധതിരിക്കലിന്റെ രണ്ടാം ഘട്ടമായി, കയ്യിലെ അടുത്ത ആയുധമായ സോളർ കേസ് വിവാദ നായികയെയും അങ്ങ് രംഗത്തിറക്കിയിട്ടുണ്ട്. മൂന്നാംഘട്ടത്തിൽ, ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് താങ്കൾ പുകമറ സൃഷ്ടിക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

നാടിനോടും നാട്ടുകാരോടും എന്തിന് സ്വന്തം പാർട്ടി അണികളോടുപോലും ഒരിത്തിരി സ്നേഹമില്ലാത്ത താങ്കൾ സമ്പൂർണ പരാജയമാണ്, പിണറായി വിജയൻ. ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം. സ്വന്തം കുടുംബത്തിന് നേരെ പോലും ആരോപണങ്ങൾ വന്ന സാഹചര്യത്തിൽ കേരളത്തിന്‌ കേൾക്കേണ്ടത് മുഖ്യമന്ത്രിയുടെ മറുപടികളാണ്. എവിടെ പോയി ഒളിച്ചാലും, അത് ഞങ്ങൾ പറയിപ്പിക്കുക തന്നെ ചെയ്യും.'

English Summary: K Sudhakaran writes facebook post against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com