ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിൽ പിടിയിലായ ലഷ്കറെ തയിബ ഭീകരരിലൊരാൾ ബിജെപി അംഗമെന്ന് റിപ്പോർട്ട്. ന്യൂനപക്ഷ മോർച്ചയുടെ ഐടി സെൽ മുൻ മേധാവിയാണ് പിടിയിലായ താലിബ് ഹുസൈൻ ഷാ എന്നാണ് വിവരം. ഞായറാഴ്ച രാവിലെയാണ് താലിബിനെയും മറ്റൊരാളെയും നാട്ടുകാർ ജമ്മുവിലെ റിയാസിയിൽനിന്നു പിടികൂടി പൊലീസിന് കൈമാറിയത്.

താലിബ് ഹുസൈൻ ഷാ ജമ്മുവിലെ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച ഐടി സെൽ മേധാവിയായിരുന്നെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽനിന്ന് ഗ്രനേഡുകളടക്കമുള്ള സ്‌ഫോടകവസ്തുക്കളും എകെ റൈഫിളുകൾ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

രജൗരി സ്വദേശിയാണ് താലിബ് ഹുസൈൻ ഷാ. കഴിഞ്ഞ മേയ് ഒൻപതിനാണ് താലിബ് ഷാ ന്യൂനപക്ഷ മോർച്ചയുടെ ഐടി, സമൂഹമാധ്യങ്ങളുടെ ചുമതല ഏറ്റെടുത്തത്. പാർട്ടി നേതൃത്വം തന്നെയാണ് ചുമതല നൽകിയതെന്നാണ് വിവരം. താലിബിന്റെ നിയമനം അറിയിച്ചുകൊണ്ടുള്ള ജമ്മു കശ്മീർ ന്യൂനപക്ഷ മോർച്ചയുടെ വാർത്താകുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബിജെപിയുടെ മുതിർന്ന നേതാക്കൾക്കൊപ്പമുള്ള താലിബിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഓൺലൈൻ വഴി പാർട്ടി അംഗത്വമെടുത്തയാളാണ് താലിബെന്നാണ് ബിജെപി പ്രതികരിച്ചത്. ഓൺലൈൻ സംവിധാനം വഴി അംഗത്വം എടുക്കുന്നവരുടെ പശ്ചാത്തലം അറിയാൻ സാധിക്കില്ലെന്ന് ബിജെപി വക്താവ് ആർ.എസ്. പഥാനിയ പറഞ്ഞു. ബിജെപിയിൽ കടന്നുകയറി പാർട്ടിക്കകത്തെ വിവരങ്ങൾ ചോർത്താനുള്ള പുതിയൊരു രീതിയാണിത്. ഉയർന്ന പാർട്ടി നേതൃത്വത്തെ വധിക്കാനും ഇതുപോലെ ഗൂഢാലോചന നടന്നിരുന്നെന്നും അതു പൊലീസ് തകർക്കുകയായിരുന്നുവെന്നും പഥാനിയ അവകാശപ്പെട്ടു.

അതേസമയം, ലഷ്കറെ തയിബ ഭീകരവാദികളെ പിടിച്ചുകൊടുത്ത റിയാസി ഗ്രാമവാസികൾക്ക് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറും പൊലീസ് മേധാവിയും പാരിതോഷികം പ്രഖ്യാപിച്ചു. അവരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു. പൊലീസ് രണ്ടു ലക്ഷം രൂപയും ലഫ്. ഗവർണർ മനോജ് സിൻഹ 5 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചത്

English Summary: Lashkar Terrorist Caught In Jammu Was BJP's IT Cell Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com