ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും സംസ്ഥാന രാഷ്ട്രീയനിലവാരത്തിലല്ല രാഹുൽ ഗാന്ധി സംസാരിക്കേണ്ടത്. സിപിഎം ബിജെപിയുമായി കൈകോർക്കുന്ന എന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് എം.എ.ബേബിയുടെ പ്രസ്താവന. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് എം.എ.ബേബിയുടെ പരാമർശം.

കുറിപ്പിന്റെ പൂർണരൂപം:

കോൺഗ്രസ് ഹൈക്കമാൻഡ് ആയ രാഹുൽ ഗാന്ധി കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണം. സിപിഐഎമ്മും ബിജെപിയും ധാരണയിലാണെന്ന് രാഹുൽ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇന്ത്യയിലെ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ - അതിൽനിന്ന് അനേകം നേതാക്കളും പ്രവർത്തകരും ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നത് മറ്റൊരുകാര്യം - നേതാവായ കോൺഗ്രസിന്റെ ഹൈക്കമാൻഡ് എന്ന ഉത്തരവാദിത്തത്തോടെ വേണം രാഹുൽ ഗാന്ധി സംസാരിക്കാൻ. ഇടതുപക്ഷത്തിന്റെ പങ്ക് ഇല്ലാത്ത ഒരു പ്രതിപക്ഷ ഐക്യമാണോ കോൺഗ്രസ് ഹൈക്കമാൻഡായ രാഹുൽ ഗാന്ധി വിഭാവനം ചെയ്യുന്നത്?

കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും സംസ്ഥാന രാഷ്ട്രീയനിലവാരത്തിൽ അല്ല കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനിഷേധ്യ പ്രതീകമായ രാഹുൽ ഗാന്ധി സംസാരിക്കേണ്ടത്. രാഹുൽ ഗാന്ധി ഒരു കാര്യം മനസ്സിലാക്കണം, ആർഎസ്എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോൺഗ്രസിന് തൽക്കാലം ഇല്ല. ഹിന്ദു രാഷ്ട്രം എന്ന് ആർഎസ്എസ് പറയുമ്പോൾ ഹിന്ദു രാജ്യം എന്നാണ് ഹൈക്കമാൻഡിന്റെ അവസാന വാക്കായ രാഹുൽഗാന്ധി പറയുന്നത്. (ഔപചാരികപദവി എഐസിസി അധ്യക്ഷയായ സ്വന്തം അമ്മയായ ശ്രീമതി സോണിയാ ഗാന്ധിക്കാണെന്നത് നമുക്കങ്ങ് സൗകര്യപൂർവം മറക്കാം.)

ടീസ്റ്റ സെതൽവാദിനെയും ആർ.ബി.ശ്രീകുമാറിനെയും അറസ്റ്റു ചെയ്യുമ്പോൾ ഹൈക്കമാൻഡ് ഗാന്ധി മണ്ണിൽ തലപൂഴ്ത്തുന്ന ഒട്ടകപ്പക്ഷി ആകുന്നു. ആക്ഷേപം വ്യാപകമായപ്പോഴാണ് ജയ്റാം രമേഷിനെക്കൊണ്ട് ഒരു പ്രസ്താവന പുറത്തിറക്കിച്ചത്! ഇത് സംശയരഹിതമായും നിങ്ങളുടെ പ്രത്യശാസ്ത്രത്തിന്റെ പരിമിതി ആണ്. അതുകൊണ്ടാണ് നിങ്ങൾക്ക് ഇന്ത്യയിൽ ആർഎസ്എസിന് ഫലപ്രദമായ ഒരു ബദൽ സൃഷ്ടിക്കാൻ കഴിയാത്തത്. ആർഎസ്എസിനെതിരായ കൃത്യമായ പ്രത്യയശാസ്ത്ര ബദൽ മുന്നോു വയ്ക്കുന്നത് ഇന്ത്യൻ ഇടതുപക്ഷം ആണ്. അതുകൊണ്ടാണ് ആർഎസ്എസ് എപ്പോഴും ഇടതുപക്ഷത്തെ ഒന്നാം ശത്രുവായി കാണുന്നതും.

English Summary : MA Baby against Rahul Gandhi's statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com