‘ജോർജിന് മുഖ്യമന്ത്രിയോട് കടുത്ത പക, പ്രകോപിപ്പിക്കും’: അവഗണിക്കാൻ സിപിഎം

Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി ഇറങ്ങിയ കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പി.സി.ജോർജിനെ അവഗണിക്കാന്‍ സിപിഎം നേതൃതലത്തിൽ ധാരണ. ജോർജിന്റെ ലക്ഷ്യം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയാണെന്നും പ്രകോപനങ്ങളില്‍ വീഴേണ്ടെന്നുമാണു സിപിഎം തീരുമാനം.
വര്‍ഗീയ വിദ്വേഷ പ്രസംഗത്തിനു പിന്നാലെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ പി.സി.ജോര്‍ജ് എന്ത് ആരോപണവും ഉന്നയിക്കാന്‍ മടിക്കില്ലെന്നതാണു സിപിഎമ്മിന്‍റെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം തുടര്‍ച്ചയായി ഉന്നയിച്ച് പിണറായി വിജയനെ പ്രകോപിപ്പിക്കുകയാണ് ജോര്‍ജിന്‍റെ ലക്ഷ്യം. മുഖ്യമന്ത്രിയോടുള്ള കടുത്ത പകയാണ് ആരോപണങ്ങള്‍ക്കു പിന്നില്‍.
ഇതിനെല്ലാം സിപിഎമ്മോ മുഖ്യമന്ത്രിയോ മറുപടി പറഞ്ഞാല്‍ അതില്‍ പിടിച്ച് അടുത്ത ആരോപണം ജോർജ് ഉന്നയിക്കുമെന്നും അവഗണിച്ചുവിട്ടാല്‍ മതിയെന്നും സിപിഎം സംസ്ഥാന നേതൃത്വത്തിൽ ധാരണയായി. സിപിഎമ്മിന്‍റെ നിലപാടിനു സമാനമായാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെയും പ്രതികരണം. തെളിവുണ്ടെങ്കില്‍ ജോര്‍ജ് അന്വേഷണ സംഘത്തിന് കൈമാറട്ടെയെന്നു കാനം പ്രതികരിച്ചു.
കാനത്തിനു പിന്നാലെ, പി.സി.ജോർജിന്റെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമെന്ന വാദം തള്ളി സിപിഎം നേതാവ് എസ്.രാമചന്ദ്രൻ പിള്ളയും രംഗത്തെത്തി. ജോര്‍ജിന്‍റെ ആരോപണങ്ങള്‍ അതേരീതിയില്‍ യുഡിഎഫ് ഏറ്റെടുക്കില്ലെന്നാണു സിപിഎം കരുതുന്നത്. വിഷയം നിയമസഭയില്‍ യുഡിഎഫ് കൊണ്ടുവന്നാല്‍ ആലോചിച്ച് സര്‍ക്കാര്‍ അപ്പോള്‍ മറുപടി പറയും. അവിടെയും ജോര്‍ജിന് ആയുധമാകുന്ന മറുപടികള്‍ നല്‍കിയേക്കില്ല.
2012 മുതൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് വിവാദ വ്യവസായി ഫാരിസ് അബൂബക്കർ ആണെന്നു പീഡന പരാതിയിൽ അറസ്റ്റിലായ ജോർജ്, ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ആരോപിച്ചിരുന്നു. 2016 മുതൽ അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാരിസ് അബൂബക്കറുമായുള്ള സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാണോ പിണറായി വിജയൻ തുടർച്ചയായി യുഎസ് സന്ദർശിക്കുന്നതെന്ന് കേന്ദ്ര സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു.
English Summary: Out on bail, PC George rants against Pinarayi & family; CPM exercise caution