ADVERTISEMENT

തൃശൂർ ∙ കൃത്യമായി കുത്തിവയ്പെടുത്തിട്ടും പാലക്കാട് സ്വദേശി ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയർന്ന തോതിലുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്നു വിലയിരുത്തൽ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, ന്യൂറോളജി, മൈക്രോ ബയോളജി ചികിത്സാ വിഭാഗം മേധാവികൾ പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു ഈ വിലയിരുത്തലുണ്ടായത്.

തിരുവനന്തപുരം പാലോടുള്ള റാബിസ് ടെസ്റ്റിങ് ലാബിൽ ശ്രീലക്ഷ്മിയിൽനിന്നു ശേഖരിച്ച സ്രവ സാംപിൾ പരിശോധന നടത്തി. ഇതിന്റെ ഫലം ഇന്നു ലഭിക്കും. നായയുടെ കടി കൈവിരലുകൾക്കേറ്റതിനാൽ വളരെ വേഗത്തിൽ വൈറസ് തലച്ചോറിലെത്താൻ ഇടയാക്കിയതായും ഉന്നതതലയോഗം വിലയിരുത്തി. പേവിഷബാധ പ്രതിരോധിക്കാൻ ആശുപത്രിയിൽ സ്വീകരിച്ചു വരുന്ന ചികിത്സാ രീതികളും മരണ നിരക്കും പ്രതിപാദിക്കുന്ന വിശദമായ റിപ്പോർട്ട് സർക്കാരിന് അയച്ചതായും ഡോക്ടർമാർ അറിയിച്ചു.

കോയമ്പത്തൂരിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിനിയായ പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് (19) പേവിഷ ബാധയേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. വളരെ അപൂർവമായി സംഭവിക്കാവുന്ന ദുരന്തമാണ് ശ്രീലക്ഷ്മിയുടെ കാര്യത്തിലുണ്ടായതെന്നു ഡോക്ടർമാർ പറയുന്നു. ചില മരുന്നുകൾ ചിലരിൽ ഫലിക്കാതെ വരാം. ശ്രീലക്ഷ്മിയെ ചികിത്സിക്കുന്നതിനിടെ ചെറിയ മുറിവേറ്റ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറും കുത്തിവയ്പെടുത്തു തുടങ്ങി.

English Summary: Rabies virus reached very fast to the brain, doctors' panel report on Sreelakshmi's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com