നൂപുർ ശർമ കേസിനു ശേഷം വ്യക്തിപരമായ ആക്രമണങ്ങൾ കൂടുന്നു: ജസ്റ്റിസ് പർദിവാല

Nupur Sharma | Justice JB Pardiwala
നൂപുർ ശർമ, ജെ.ബി. പർദിവാല
SHARE

ന്യൂഡൽഹി ∙ ടിവി ചർച്ചയ്ക്കിടെ പ്രവാചകനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ വിമർശിച്ചതിനു പിന്നാലെ വ്യക്തിപരമായ അധിക്ഷേപം നേരിട്ടതായി സുപ്രീം കോടതി ജഡ്ജി. വിധി പ്രസ്താവനകളുടെ പേരിൽ ന്യായാധിപന്മാരെ അധിക്ഷേപിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല പറഞ്ഞു. നൂപുർ ശർമ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ബെഞ്ചിലെ അംഗമായിരുന്നു പർദിവാല. ജസ്റ്റിസ് സൂര്യകാന്തായിരുന്നു ബെഞ്ചിലെ മറ്റൊരു അംഗം

നൂപുർ ശർമയ്‌ക്കെതിരായ ഉത്തരവിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിരവധി വിദ്വേഷ കമന്റുകളാണ് ജസ്റ്റിസ് പർദിവാലയും ജസ്റ്റിസ് സൂര്യകാന്തും നേരിട്ടത്. ‘ജഡ്ജിമാർക്കെതിരെ വസ്തുനിഷ്ഠമായ അഭിപ്രായങ്ങൾ ഉയരുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ വിധിപ്രസ്താവനകളുടെ അന്തസ്സത്തയെ തകർക്കുന്ന നടപടികളൊന്നും ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ല. വിധിപ്രസ്താവനകളിലെ പരാതികൾക്ക് പരിഹാരം കാണുന്നത് സമൂഹമാധ്യമങ്ങളല്ല, അതിന് ജഡ്ജിമാരുണ്ട്.’- പർദിവാല കൂട്ടിച്ചേർത്തു.

പരാമർശങ്ങൾക്കെതിരെ വിവിധ സ്ഥലങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചു പരിഗണിക്കണമെന്ന നൂപുറിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വാക്കാലുള്ള വിമർശനം. ‘‘അവരുടെ വിടുവായത്തം രാജ്യമാകെ തീപടർത്തി. ഇപ്പോൾ നടക്കുന്നതിനെല്ലാം അവർ ഒറ്റയാളാണ് ഉത്തരവാദി. എന്തിനായിരുന്നു ആ പരാമർശങ്ങൾ ? ഇത്തരമാളുകൾ മതവിശ്വാസികളല്ല. മറ്റു മതവിശ്വാസങ്ങളോട് അവർക്കു ബഹുമാനമില്ല. വിലകുറഞ്ഞ പബ്ലിസിറ്റി, രാഷ്ട്രീയ അജൻഡ, മറ്റു നീച താൽപര്യങ്ങൾ എന്നിവയാണ് ഇത്തരം പരാമർശങ്ങൾക്കു പിന്നിൽ.’ – കോടതി കുറ്റപ്പെടുത്തി.

നൂപുർ ശർമയ്ക്കെതിരെ കൊൽക്കത്ത പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. നാല് തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടർന്നാണു നടപടി. ചോദ്യം ചെയ്യലിനു ഹാജരാകാൻ നാലാഴ്ച സമയം വേണമെന്നും നേരത്തേ കൊൽക്കത്ത പൊലീസിനു നൂപുർ ശർമ ഇമെയിൽ അയച്ചിരുന്നു.

English Summary: Supreme Court Judge Who Heard Nupur Sharma Plea Slams "Personal Attacks"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS