ADVERTISEMENT

കൊച്ചി ∙ തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. ഫോണിൽ വിളിച്ച് മരട് അനീഷ് എന്ന പേരു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടുത്തി ഡിജിപിക്ക് പരാതി നൽകിയെന്നും സ്വപ്ന പറഞ്ഞു.

‘മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മുൻമന്ത്രി കെ.ടി.ജലീലിന്റെയും പേരുകൾ പറയുന്നതും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും നിർത്താനാണ് ഭീഷണി. അല്ലെങ്കിൽ എന്നെ ഈ ലോകത്തുനിന്ന് ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ആദ്യത്തെ കോളിൽ നൗഫൽ എന്നു പറഞ്ഞയാൾ കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്നു പറഞ്ഞു.

എന്റെ മകനാണ് ആദ്യത്തെ കോൾ എടുത്തത്. അത് റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാമത്തെ കോളിൽ മരട് അനീഷ് എന്നയാളുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇന്ന് പോകുന്ന വഴിയാണോ അതോ നാളേക്കാണോ അവരെന്നെ കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാതിരിക്കാനും അത് തടസ്സപ്പെടുത്തുകയുമാണ് ഇവരുടെ ഉദ്ദേശ്യമെന്ന് എനിക്ക് മനസ്സിലായി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മൊഴി നൽകുന്നത് തടസ്സപ്പെടുത്താനാണ് ശ്രമം. ഈ അന്വേഷണം എവിടെവരെ പോകുമെന്ന് എനിക്ക് അറിയില്ല. ഞാനും എന്റെ മകനും എന്റെ അമ്മയുമൊക്കെ ഏതു സമയവും കൊല്ലപ്പെടാം. അതേതെങ്കിലും രീതിയിലായിരിക്കാം. പക്ഷേ, ജീവനുള്ളിടത്തോളെ കാലം എല്ലാ തെളിവുകളും ശേഖരിക്കാൻ ഇഡിയുമായി സഹകരിച്ച് എല്ലാത്തിനും വ്യക്തത വരുത്തും’– സ്വപ്ന പറഞ്ഞു.

അതിനിടെ സ്വപ്ന സുരേഷ് കൊച്ചി കൂനമ്മാവിനു സമീപം വാടക ഫ്ലാറ്റിലേക്കു താമസം മാറി. ‘ഹോട്ടലുകളിൽ ഒക്കെ കൊടുക്കാൻ ഇനി അധികം പണം എന്റെ കയ്യിലില്ല. അതിനാൽ കൊച്ചിയിലേക്കു താമസം മാറി. ഒരുപാട് ബുദ്ധിമുട്ടിയാണ് വാടകയ്ക്ക് ഒരു ഫ്ലാറ്റ് കിട്ടിയത്. ആ ഹൗസ് ഓണറിനെയും പൊലീസും സ്പെഷൽ ബ്രാഞ്ചും ചെന്ന് ഭയപ്പെടുത്തുന്നുണ്ട്.’– സ്വപ്ന പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട നടപടികളുടെ സൗകര്യത്തിനായാണു എറണാകുളം ജില്ലയിലേക്കു താമസം മാറുന്നതെന്നു സ്വപ്നയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. അന്വേഷണ സംഘങ്ങൾ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതു കൊച്ചിയിലേക്കാണ്. നിയമസഹായം നൽകുന്ന അഭിഭാഷകരും കൊച്ചിയിലാണ്. ഓരോ തവണയും പാലക്കാട്ടുനിന്ന് എത്താൻ ആരോഗ്യപ്രശ്നങ്ങൾ സ്വപ്നയ്ക്കു തടസ്സമാകുന്നുണ്ട്. വരാപ്പുഴ തിരുമുപ്പം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് വാടകയ്ക്കെടുത്തത്. കരാർ നടപടികൾ പൂർത്തിയാക്കിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English Summary : Big threat to life, says gold smuggling case accused Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com