ADVERTISEMENT

തിരുവനന്തപുരം∙ എകെജി സെന്ററിൽ ആക്രമണം നടക്കുന്നതിന് അരമണിക്കൂർ മുൻപേ തന്നെ സംഭവം ഉണ്ടാകുമെന്നറിഞ്ഞ് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ സ്ഥലത്തേക്കു പുറപ്പെട്ടോ എന്നു സംശയമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു. കോൺഗ്രസ് ഓഫിസുകൾ സിപിഎം വ്യാപകമായി തകർക്കുകയാണ്. ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈവെട്ടി. ഭരണകക്ഷികൾ പറഞ്ഞു വിടുന്ന ആളുകളാണ് ഇതു ചെയ്യുന്നത്. കോട്ടയത്ത് ഡിസിസി ഓഫിസ് ആക്രമിച്ചപ്പോഴും എകെജി സെന്റർ ആക്രമിച്ചപ്പോഴും പൊലീസ് കാവലുണ്ടായിരുന്നു. 

എകെജി സെന്റർ അക്രമിച്ചശേഷം പ്രതിക്ക് അതിസുരക്ഷയുള്ള സ്ഥലത്തുനിന്ന് എങ്ങനെ രക്ഷപ്പെടാനായെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. ആക്രമണം നടന്ന എകെജി സെന്ററിലെ ഗേറ്റിന്റെ ഭാഗത്ത് കന്റോൺമെന്റ് പൊലീസിന്റെ ജീപ്പ് സാധാരണ ഉണ്ടാകാറുള്ളതാണ്. എന്നാൽ, അക്രമം നടന്ന ദിവസം പൊലീസ് ജീപ്പ് സ്ഥലത്തുണ്ടായിരുന്നില്ല. സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ആരാണ് ആക്രമിച്ചതെന്നു പൊലീസിനു കണ്ടെത്താൻ കഴിയുന്നില്ല. 

പൊലീസ് സ്റ്റേഷനിൽ കയറി പൊലീസിന്റെ തൊപ്പി എടുത്തുവച്ചു സെൽഫി എടുത്ത ആളാണ് കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ചത്. 

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പുറത്തിറങ്ങി നടക്കില്ലെന്നു പറഞ്ഞ അമ്പലപ്പുഴ എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തില്ല. രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് അക്രമം നടത്താൻ എസ്എഫ്ഐ പ്രവർത്തകരെ തോളിൽതട്ടി പറഞ്ഞുവിട്ടത് പൊലീസ് ഉദ്യോഗസ്ഥനാണ്. ഇതിന്റെ വിഡിയോ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടാണു ഗാന്ധിച്ചിത്രം താഴെയിട്ടത് കോൺഗ്രസാണെന്ന് എൽഡിഎഫ് ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് തൊടുന്നതെല്ലാം പാളുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് വിവേക ശൂന്യമായ തീരുമാനങ്ങളെടുത്ത് അപകടത്തിലേക്കു പോകുന്നത് ശ്രദ്ധിക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.

English Summary: AKG centre attack, VD Satheesan slams Kerala government at assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com