ADVERTISEMENT

തിരുവനന്തപുരം∙ ബോംബ് ആക്രമണത്തിന് ശേഷം എസ്ഡിപിഐ സംഘം എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ ഒരു വാര്‍ത്തയും ചിലര്‍ എകെജി സെന്ററിന് മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രവും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് വസ്തുതാപരമല്ലെന്നും എകെജി സെന്റര്‍ അറിയിച്ചു. എസ്ഡിപിഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലൈ 1 ന് 5 മണിയോടെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നു. പാര്‍ടി നേതാക്കന്മാരെ കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്താന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല എന്നറിയിച്ച് മടക്കിവിടുകയാണ് ചെയ്തത്. അഞ്ച് മിനിട്ടിലധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനാകില്ല എന്ന കര്‍ശന നിലപാട് എടുത്തതോടെയാണ് അവര്‍ മടങ്ങിയത്. പുറത്ത് ഇറങ്ങിയ അവര്‍ എകെജി സെന്ററിന് മുന്നില്‍നിന്ന് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അത് ഏറ്റെടുത്ത് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാനും തയ്യാറായി. ഇത് പൂർണമായും കളവാണ്.

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി സെന്റര്‍ പൊതുജനങ്ങള്‍ക്ക് എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയ കേന്ദ്രം എന്ന നിലയിലാണ് മഹാനായ എകെജിയുടെ പേരിലുള്ള ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അവിടെ കടന്നുവരുന്നതിന് ഒരു വിലക്കും ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷെ എസ്ഡിപിഐ പോലുള്ള വര്‍ഗീയ കക്ഷികളുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ മടക്കി അയച്ചത്. ഓഫീസിന് ഉള്ളിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ എസ്ഡിപിഐ സ്വയം പ്രചരണം നടത്തുന്നത് മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളില്‍ വച്ചാണ്. അത്തരത്തില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോകില്ല. സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് പൂര്‍ണമായും വ്യക്തമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയും എന്ന് ഉറപ്പാണെന്നും സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.

English Summary: AKG Centre clarification on SDPI Visit after attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com