കൊച്ചി∙ യുവതിയെ മോശമായി ചിത്രീകരിച്ചു വിഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ വ്ളോഗർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റിവച്ചു. കേസിൽ അതിജീവിതയെ കക്ഷി ചേർത്തിട്ടുണ്ട്. അറസ്റ്റു ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് സൂരജ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആരോഗ്യമന്ത്രിയുടെ അശ്ലീല വിഡിയോ വ്യാജമായി നിർമിക്കാൻ ക്രൈം നന്ദകുമാർ നിർബന്ധിച്ചെന്നു കാണിച്ചു പരാതി നൽകിയ യുവതിയെ മോശമായി ചിത്രീകരിച്ചു വിഡിയോ നിർമിച്ചു എന്നാണ് സൂരജ് പാലാക്കാരനെതിരായ കേസ്. എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി–പട്ടികവർഗ അതിക്രമ നിരോധനം തുടങ്ങിയ നിയമങ്ങൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
English Summary: Anticipatory bail plea of Sooraj Palakkaran postponed