ADVERTISEMENT

തിരുവനന്തപുരം∙ വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതു സംബന്ധിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും വി.ജോയി എംഎല്‍എയുടെ സബ്മിഷന്‍ നോട്ടിസിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ജൂൺ 24ന് വയനാട് എംപിയുടെ കല്‍പ്പറ്റയിലുളള ഓഫിസിലേക്ക് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ഏതാനും പ്രവര്‍ത്തകര്‍ എംപിയുടെ ഓഫിസിലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഈ സംഭവത്തിനു കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ ക്രൈം.നം. 534/22 ആയി ഒരു കേസും എംപി ഓഫിസിലെ ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം.നം. 535/22 ആയി മറ്റൊരും കേസും റജിസ്റ്റര്‍ ചെയ്തിരുന്നു.

പൊലീസ് തെളിവായി സമർപ്പിച്ച ഫോട്ടോകൾ (Photo - Kerala Police)
പൊലീസ് തെളിവായി സമർപ്പിച്ച ഫോട്ടോകൾ (Photo - Kerala Police)

ഈ കേസിന്‍റെ അന്വേഷണത്തില്‍ ജൂൺ 24ന് വൈകുന്നേരം 3.54ന് എംപിയുടെ ഓഫിസില്‍ അതിക്രമിച്ചു കടന്ന പ്രവര്‍ത്തകരെയെല്ലാം ഓഫിസില്‍നിന്നും പുറത്താക്കിയിരുന്നു. അതിനുശേഷം വൈകുന്നേരം 4.04ന് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫൊട്ടോഗ്രാഫര്‍ സംഭവസ്ഥലത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. മലയാളം ചാനലുകള്‍ ഇതേ സമയത്ത് വിഡിയോ റെക്കോര്‍ഡ് ചെയ്തു ടിവി ചാനലുകള്‍ വഴി ഇക്കാര്യം സംപ്രേഷണം ചെയ്തിട്ടുണ്ട്.

പൊലീസ് തെളിവായി സമർപ്പിച്ച ഫോട്ടോകൾ (Photo - Kerala Police)
പൊലീസ് തെളിവായി സമർപ്പിച്ച ഫോട്ടോകൾ (Photo - Kerala Police)

വിദ്യാർഥി സംഘടനാ പ്രവര്‍ത്തകരെ ഓഫിസില്‍നിന്നു പുറത്താക്കിയശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫിസില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വൈകുന്നേരം 4.29ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എംപിയുടെ ഓഫിസ് മുറിക്കകത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍ നിലത്തു വീണും ചില്ലുകള്‍ തകര്‍ന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫൊട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥനു മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan's take on Rahul Gandhi's Wayanad office attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com