ADVERTISEMENT

തിരുവനന്തപുരം ∙ പി.സി.ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ചു കോടതി. പരാതി വൈകിയതു ദുരൂഹമെന്നും ചൂണ്ടിക്കാട്ടിയാണ് ജോര്‍ജിനു തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു.

പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി മാനദണ്ഡം ലംഘിച്ചാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്യുന്നതിനു മുന്‍പു പ്രതിയുടെ ഭാഗം കേള്‍ക്കുകയെന്ന നിയമപരമായ അവകാശം നല്‍കിയില്ല. മുന്‍ മുഖ്യമന്ത്രിക്കെതിരെയടക്കം സമാന വിഷയത്തില്‍ പരാതി നല്‍കിയ വ്യക്തിയാണ് പരാതിക്കാരി. നിയമ നടപടിയെക്കുറിച്ചു പരാതിക്കാരിക്കു നല്ല ബോധ്യവുമുണ്ട്.

‌മാത്രമല്ല പരാതി നല്‍കാന്‍ അഞ്ചു മാസത്തോളം വൈകിയതിനു കൃത്യമായ കാരണവും ബോധിപ്പിച്ചിട്ടില്ല. ഇതെല്ലാമാണു പരാതിയില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. സോളർ കേസ് പ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പി.സി.ജോർജിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിനുശേഷം മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പായ ഐപിസി 354 (സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന ബലപ്രയോഗം), ഐപിസി 354എ (ലൈംഗിക സ്വഭാവമുള്ള സ്പർശനവും പ്രവൃത്തിയും, ലൈംഗികാവശ്യങ്ങൾക്കു പ്രേരണ, ലൈംഗികച്ചുവയോടെ സംസാരം) എന്നീ കുറ്റങ്ങളാണു ചുമത്തിയത്.

എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണം, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളിൻമേൽ അറസ്റ്റ് ചെയ്ത ദിവസം രാത്രിയോടെതന്നെ ജോര്‍ജിന് ജാമ്യം ലഭിച്ചു.

English Summary: Court doubtful on rape complaint against PC George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com