ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ആറു മാസത്തിനുള്ളിൽ വീഴുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. മുംബൈയിൽ ഇന്നലെ വൈകുന്നേരം എൻസിപി നിയമസഭാ സാമാജികരെയും മറ്റു നേതാക്കളെയും അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പവാർ ഇങ്ങനെ പറഞ്ഞത്.

‘മഹാരാഷ്ട്രയിൽ പുതിയതായി രൂപീകരിച്ച സർക്കാർ അടുത്ത ആറു മാസത്തിനുള്ളിൽ താഴെവീഴും. ഇടക്കാല തിരഞ്ഞെടുപ്പിന് എല്ലാവരും ഒരുങ്ങിയിരിക്കണം’ – പവാർ വ്യക്തമാക്കി. ‘ഷിൻഡെയെ പിന്തുണയ്ക്കുന്ന പല വിമത എംഎൽഎമാരും നിലവിലെ ക്രമീകരണത്തിൽ തൃപ്തരല്ല. മന്ത്രിമാരെയും വകുപ്പുകളെയും തീരുമാനിച്ചുകഴിയുമ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കും. അത് സർക്കാരിന്റെ താഴെപ്പോക്കിൽ കലാശിക്കും’ – പവാറിനെ ഉദ്ധരിച്ച് ചടങ്ങിൽ പങ്കെടുന്ന ഒരു എൻസിപി നേതാവ് ദേശീയമാധ്യമത്തോടു പറഞ്ഞു.

‘ഈ പരീക്ഷണത്തിലെ പരാജയം വിമത എംഎൽഎമാരെ തിരിച്ച് ഉദ്ധവ് പക്ഷത്തിലേക്ക് എത്തിക്കും. കുറഞ്ഞത് ആറുമാസമെങ്കിലും കൈയിലുണ്ടെങ്കിൽ എൻസിപി നിയമസഭാ സാമാജികർ അവരവരുടെ മണ്ഡലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണം’ – പവാറിനെ ഉദ്ധരിച്ച് നേതാവ് പറഞ്ഞു.

10 ദിവസത്തോളം നീണ്ട നാടകീയ സംഭവങ്ങൾക്കുശേഷം വ്യാഴാഴ്ചയാണ് ശിവസേന – എൻസിപി – കോൺഗ്രസ് സഖ്യത്തിന്റെ മഹാവികാസ് അഘാഡി (എംവിഎ) സർക്കാർ താഴെവീണത്. മുഖ്യമന്ത്രിയായി വിമത നേതാവ് ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരുന്നു. 40 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം.

English Summary: Sharad Pawar's "Mid-Term Polls" Prediction As Eknath Shinde Takes Charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com