ADVERTISEMENT

കൊച്ചി‌/ആലപ്പുഴ∙ കൊല്ലം പെരുമൺ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ രണ്ട് ബസുകൾ ഓടിച്ചിട്ടു പിടിച്ച് ഉദ്യോഗസ്ഥർ. വിദ്യാര്‍ഥികള്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണു ബസുകൾ പിടികൂടിയത്.

അമ്പലപ്പുഴയിൽവച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴിതിരിച്ച് വിട്ടെങ്കിലും ഉദ്യോഗസ്ഥർ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ബസ് ഉടമകൾക്കു കാരണംകാണിക്കൽ നോട്ടിസ് നൽകി ബസുകൾ തത്കാലം വിട്ടയച്ചുവെന്നും ബസ് ഉടമകളുടെ വിശദീകരണം ലഭിച്ചശേഷം കൂടുതൽ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. മോട്ടർ വാഹന ചട്ടങ്ങൾ നിരന്തരമായി ലംഘിക്കപ്പെടുന്നതു ചൂണ്ടിക്കാട്ടി സ്വമേധയാ എടുത്തിട്ടുള്ള കേസ് പരിഗണിക്കുമ്പോഴാണ് വിഷയവും ജഡ്ജിമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത്‌കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വിഷയത്തിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ (എഎസ്ജി) എസ്.മനു, സ്പെഷൽ ഗവ. പ്ലീഡർ സന്തോഷ് കുമാർ എന്നിവരോട് കോടതി അഭിപ്രായം ആരാഞ്ഞു.

ജഡ്ജിമാരുടെ നിർദേശപ്രകാരം സംഭവദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. കേന്ദ്ര മോട്ടർ വാഹന നിയമത്തിന്റെ ലംഘനം ദൃശ്യങ്ങളിൽനിന്നു വ്യക്തമാണെന്നു കോടതി വ്യക്തമാക്കി. എന്തു നടപടി സ്വീകരിച്ചെന്ന ചോദ്യത്തിന് വിശദീകരണം നൽകാൻ സ്പെഷൽ പ്രോസിക്യൂട്ടർ സമയം തേടി. അതേ സമയം ഇത്തരം നടപടികളെ നിയന്ത്രിക്കാൻ മോട്ടർ വാഹന നിയമത്തിൽ ചട്ടങ്ങൾ ഉണ്ടെന്നു എഎസ്ജി കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരാണ് അവ നടപ്പിലാക്കേണ്ടതെന്നും വ്യക്തമാക്കി.

മോട്ടർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും പ്രസക്ത വകുപ്പുകൾ വിശദീകരിക്കുന്ന പത്രിക എഎസ്ജി കോടതിയിൽ ഫയൽ ചെയ്തു. ജൂലൈ 7ന് വീണ്ടും പരിഗണിക്കുന്നതിനായി കേസ് മാറ്റിവച്ചു. എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥികൾ കഴിഞ്ഞ 30നാണ്, കർണാടകയിലേയ്ക്കു വിനോദ യാത്ര പുറപ്പെടുന്നതിനു മുൻപു കോളജിൽ നടത്തിയ ആഘോഷ പരിപാടിക്കിടെ ബസിനു മുകളിൽ പൂത്തിരി കത്തിച്ചത്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ മോട്ടർ വാഹന വകുപ്പ് ബസുകൾക്കെതിരെ കേസെടുത്തിരുന്നു. ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ബാച്ച് വിദ്യാർഥികൾക്കു യാത്ര പോകുന്നതിനായി മൂന്നു ടൂറിസ്റ്റു ബസുകളാണ് എത്തിയത്. ഇതിൽ ‘കൊമ്പൻ’ എന്ന പേരുള്ള ബസിനു മുകളിൽ രണ്ടു ഭാഗങ്ങളിലായി പൂത്തിരി കത്തിക്കുകയായിരുന്നു.

തീ കൂടുതലായതോടെ ജീവനക്കാർ ചവിട്ടിയും വെള്ളമൊഴിച്ചും തീ കെടുത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ കോളജിനു പങ്കില്ലെന്ന നിലപാടു നേരത്തേതന്നെ കോളജ് അധികൃതർ വിശദമാക്കിയിരുന്നു. കുട്ടികളെ ആവേശത്തിലാക്കുന്നതിനു ബസ് ജീവനക്കാരാണ് ബസിനു മുകളിൽ പൂത്തിരി കത്തിച്ചതെന്നാണു വിശദീകരണം. ടൂറിസ്റ്റു ബസുകളിൽ ഉച്ചത്തിൽ പാട്ടു വയ്ക്കുന്നതും അമിത ലൈറ്റുകൾ ഘടിപ്പിക്കുന്നതിനും എതിരെ നേരത്തേ ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തിയിരുന്നു.

ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകളും ചില വ്യക്തികൾക്കു കീഴിലുള്ള ബസുകൾ ഇത്തരത്തിൽ മോടി കൂട്ടുന്നതിനെയും ലക്ഷങ്ങൾ മുടക്കി ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഒരുക്കുന്നതിനെയും വിമർശിച്ചിരുന്നു. കോളജ് വിദ്യാർഥികളെ ആകർഷിക്കുന്നതിനും കൂടുതൽ ഓട്ടം കിട്ടുന്നതിനും വേണ്ടി സ്വാർഥ താൽപര്യക്കാരായ ചില ബസ് ഉടമകളാണ് ഇത്തരത്തിലുള്ള നടപടികളിൽ ഏർപ്പെടുന്നത് എന്നാണു സംഘടനയുടെ നിലപാട്.

English Summary: Fire works on top of bus before pleasure trip: MVD takes action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com