ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ ഭൂരിപക്ഷം തെളിയിച്ചു. രാവിലെ 11ന് സഭ സമ്മേളിച്ചതിനു പിന്നാലെ തന്നെ വോട്ടെടുപ്പ് നടക്കുകയായിരുന്നു. 164 പേരുടെ പിന്തുണയാണ് ഷിൻഡെയ്ക്കു ലഭിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ അശോക് ചവാര്‍, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ സഭയില്‍ എത്തിയില്ല. എന്നാൽ ഉദ്ധവിന്റെ ക്യാംപിലുണ്ടായിരുന്ന എംഎൽഎ സന്തോഷ് ബംഗർ രാവിലെ ഷിൻഡെയ്ക്കൊപ്പം ചേർന്നിരുന്നു. ഇതോടെ ഷിൻഡെയ്ക്ക് 40 സേനാ എംഎൽഎമാരുടെ പിന്തുണ ലഭിച്ചു. ഇന്നലെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ രാഹുൽ നർവേക്കറുടെ അധ്യക്ഷതയിലായിരുന്നു വിശ്വാസ വോട്ട്.

നിലവിൽ 288 അംഗ നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരുണ്ട്. 50 പേരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ നിലപാട്. ഇതിൽ 40 പേർ ശിവസേന വിമതരാണ്. ഒരു ശിവസേന എംഎൽഎയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി. ഇതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാൻ 144 വോട്ട് മതി.

അതേസമയം, ഉദ്ധവ് താക്കറെ പക്ഷത്തിന് തിരിച്ചടിയേകി പുതിയ സ്പീക്കർ ശിവസേനയുടെ നിയമസഭാകക്ഷി നേതാവായി ഏക്നാഥ് ഷിൻഡെയെ രാത്രി വൈകി നിയമിച്ചു. വിമത എംഎൽഎമാർ മറുകണ്ടം ചാടിയപ്പോൾ തനിക്കൊപ്പം നിൽക്കുന്ന അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവാക്കി ഉദ്ധവ് പ്രഖ്യാപിക്കുകയായിരുന്നു. ഷിൻഡെയായിരുന്നു നേരത്തത്തെ നിയമസഭാകക്ഷി നേതാവ്. ചീഫ് വിപ്പായി ഷിൻഡെ പക്ഷം ചുമതലപ്പെടുത്തിയിരിക്കുന്നത് ഭരത് ഗോഗാവാലെയെ ആണ്. താക്കറെ പക്ഷത്തുള്ള സുനിൽ പ്രഭുവിനെ മാറ്റിയാണ് ഈ നിയമനം.

അതേസമയം, ഈ നീക്കങ്ങളെയെല്ലാം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ശിവസേന വ്യക്തമാക്കി. 16 എംഎൽഎമാരാണ് ഉദ്ധവിനൊപ്പം അടിയുറച്ച് നിന്നിരുന്നത്. ഇതിൽ ഒരാൾക്കൂടി ഇന്നുരാവിലെ കൂറുമാറിയിരുന്നു. ഈ എംഎൽഎമാർ വിപ്പ് ലംഘിച്ചാൽ അയോഗ്യരാക്കപ്പെടുമെന്ന് ഗോഗാവാലെ അറിയിച്ചു. ഉദ്ധവ് താക്കെറെയുടെ മകൻ ആദിത്യ ഉൾപ്പെടെയുള്ള എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടികളുമായി ഗോഗാവാലെ മുന്നോട്ടുപോകുകയാണെന്നാണ് വിവരം.

അതേസമയം, ബിജെപി കോർ കമ്മിറ്റി, കേന്ദ്രമന്ത്രി പിയുഷ് ഗോയൽ, ഷിൻഡെ എന്നിവർ ഇന്നു വൈകുന്നേരം മന്ത്രിസഭാ വികസനം സംബന്ധിച്ച് യോഗം ചേരും. അതേസമയം, ശിവസേന ഭവനിൽ ഇന്നുച്ചയ്ക്ക് ഒരുമണിക്ക് പാർട്ടി ജില്ലാ ഭാരവാഹികളുടെ യോഗം ഉദ്ധവ് താക്കറെ വിളിച്ചിട്ടുണ്ട്.

English Summary: Maharashtra Govt Formation, Floor Test LIVE Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com