ADVERTISEMENT

പാലക്കാട് ∙ പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചതില്‍ പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ചികിത്സാപ്പിഴവിനെത്തുടര്‍ന്നാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.

കുഞ്ഞ് മരിച്ചത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പിഴവുണ്ടായെന്ന സൂചനയാണ്. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അഞ്ച് മണിക്കൂറിലധികം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഐശ്വര്യയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചിരുന്നു.

ബന്ധുക്കളുടെ നിലവിളി കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. പ്രതിഷേധങ്ങള്‍ക്കിടയില്‍ ഐശ്വര്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാരും ഐശ്വര്യയുടെ ബന്ധുക്കളും. മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു.

കലക്ടര്‍ വന്നതിന് ശേഷം മാത്രമേ പിന്മാറൂ എന്ന നിലപാട് ബന്ധുക്കള്‍ സ്വീകരിച്ചതോടെ ആര്‍ഡിഒ എത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പ് നല്‍കി. ആശുപത്രി ജീവനക്കാര്‍ നേരിട്ട് മറവ് ചെയ്തിരുന്ന ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.

കഴുത്തില്‍ പൊക്കിള്‍ക്കൊടി മുറുകിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും കണ്ടെത്തി. ബന്ധുക്കളെ അറിയിക്കാതെ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തെന്നും പിന്നീടാണ് ഒപ്പിടാന്‍ സമീപിച്ചതെന്നും പരാതിയുണ്ട്.

English Summary: Mother, infant die in Palakkad, Case against doctors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com