നെയ്യാർ–പേപ്പാറ വന്യജീവി സങ്കേതങ്ങ‍ൾക്കു സമീപം അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് അനുമതി

Quarry | Mining | Representational image (Photo - Shutterstock / Salienko Evgenii)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Salienko Evgenii)
SHARE

തിരുവനന്തപുരം∙ പരിസ്ഥിതിലോല മേഖല(ഇഎസ്ഇസെഡ്) വിഷയത്തിൽ കേരളത്തിൽ കടുത്ത ആശങ്ക ഉയരുന്നതിനിടെ, നെയ്യാർ–പേപ്പാറ വന്യജീവി സങ്കേതങ്ങ‍ൾക്കു സമീപം അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് ദേശീയ വന്യജീവി ബോർഡിന്റെ പ്രവർത്തനാനുമതി. നിർദിഷ്ട ക്വാറി യൂണിറ്റ് പരിസ്ഥിതിലോല മേഖലയിൽ അല്ലെന്നും ക്വാറി വന്യജീവി സങ്കേത‍ത്തെയോ സംരക്ഷിത വനമേഖലയെയോ പ്രതികൂലമായി ബാധിക്കില്ലെന്നും കേരളം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയ ഈ ശുപാർശ വന്യജീവി ബോർഡിന്റെ സ്ഥിരം സമിതി യോഗത്തിലെ മിനി‍ട്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന്റെ (അദാനി വിഴിഞ്ഞം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ്) ക്വാറിക്ക് നിശ്ചിത ഉപാധികളോടെയാണ് മേയ് 30ന് ഓൺലൈനായി ചേർന്ന ദേശീയ വന്യജീവി ബോർഡിന്റെ സ്ഥിരം സമിതി യോഗം അനുമതി നൽകിയത്. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

പേപ്പാറ വന്യജീവി സങ്കേതത്തിൽനിന്ന് 5.12 കിലോമീറ്ററും നെയ്യാർ വന്യജീവി സങ്കേതത്തിൽ നിന്ന് 6.76 കിലോമീറ്ററും ആകാശ ദൂരത്തിലാണ് (aerial distance) നിർദിഷ്ട ക്വാറി പ്രദേശം സ്ഥിതി ചെയ്യുന്നതെന്നും നിർദിഷ്ട പരിസ്ഥിതി ലോല മേഖലയുടെ അതിർത്തി‍ക്കു പുറത്തുനിന്നുള്ള പ്രദേശമാണ് ക്വാറി പ്രവർത്തിക്കുക എന്നുമാണ് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആഘാതം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക ലഘൂകരണ നടപടികളുടെ ആവശ്യമില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദ്ധതി അനുമതിക്ക് ശുപാർശ നൽകിയത്.

പേപ്പാറ, നെയ്യാർ വന്യജീവി സങ്കേതങ്ങ‍ൾക്കു ചുറ്റും 70.9 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ മാർച്ചിൽ കരടു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനടുത്താണ് നിർദിഷ്ട ക്വാറിക്ക് അനുമതി തേടിയത്. അതേസമയം, മലബാർ, പീച്ചി–വാഴാനി വന്യജീവി സങ്കേതങ്ങൾ, പെരിയാർ കടുവ സങ്കേതം എന്നിവിടങ്ങൾക്കു സമീപത്ത് 3 ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകണമെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ അടുത്ത യോഗത്തിൽ പരിഗണിക്കാൻ മാറ്റി.

കഴിഞ്ഞ വർഷം സെപ്റ്റംബർ 24നു നടന്ന ദേശീയ വന്യജീവി ബോർഡിന്റെ സ്ഥിരം സമിതി യോഗം അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് പ്രവർത്തനാനുമതി നൽകുന്നത് പരിഗണിച്ചെങ്കിലും, പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ലഘൂകരിക്കുന്നതി‍നുള്ള മാർഗങ്ങൾ നിർദേശിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ ചുമതലപ്പെടുത്തുകയായിരുന്നു.

∙ വ്യവസ്ഥക‍ൾ ഇങ്ങനെ:

നെയ്യാർ–പേപ്പാറ വന്യജീവി സങ്കേതങ്ങ‍ൾക്കു സമീപം അദാനി ഗ്രൂപ്പിന്റെ ക്വാറി പ്രവർത്തനത്തിനു ദേശീയ വന്യജീവി ബോർഡ് യോഗം നിർദേശിച്ച വ്യവസ്ഥകൾ:

1. സൂര്യോദ‍യത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും ക്വാറി പ്രവർത്തനം പാടില്ല.
2. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ നടത്തിപ്പുകാർ 10 ലക്ഷം രൂപ കെട്ടിവയ്ക്കണം.
3. നിബന്ധനകൾ പാലിച്ചു‍വെന്നു വ്യക്തമാക്കി കൊണ്ടുള്ള വാർഷിക സർട്ടിഫിക്കറ്റ് ക്വാറി ഉടമ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡ‍നു നൽകണം. ചീഫ് വൈൽഡ് ലൈഫ് വാർ‍ഡനും സമാനമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകണം.

English Summary: Quarry of Adani group near Neyyar - Peppara wildlife sanctuaries got permission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS