ADVERTISEMENT

ഉദയ്‌പുർ∙ രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യ ലാലിനെ കഴുത്തറുത്തുകൊന്ന കേസിലെ മുഖ്യപ്രതികളായ ഗൗസ് മുഹമ്മദും റിയാസ് അഖ്താരിയും വ്യക്തമായ ആസൂത്രണം നടത്തിയിരുന്നതായി അന്വേഷണ സംഘം. റിയാസ് അഖ്താരി കനയ്യയെ കൊലപ്പെടുത്തുകയും ഗൗസ് മുഹമ്മദ് അതു വിഡിയോയിൽ പകർത്തുകയുമാണു ചെയ്തത്. കഴിഞ്ഞ ദിവസം പിടിയിലായ മൊഹ്സിൻ മുർഗേവാല, ആസിഫ് എന്നിവർക്കു ഗൂഢാലോചനയിൽ വ്യക്തമായി പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. കശാപ്പുമായി ബന്ധപ്പെട്ട് ജൂൺ 9 ന് പുതുതായി ആറ് കത്തികൾ പ്രതികൾ പണികഴിപ്പിച്ചിരുന്നു. പ്രദേശത്ത് കശാപ്പ് നടത്തിയിരുന്ന മൊഹ്സിൻ മുർഗേവാലയുടെ കൈവശമായിരുന്നു ഈ കത്തികൾ നൽകിയിരുന്നത്. കനയ്യ ലാലിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതിനു പിന്നാലെ പ്രതികൾ മൊഹ്സിൻ മുർഗേവാലയുടെ കടയിലെത്തിയിരുന്നു. മൊഹ്സിൻ പ്രതികൾക്ക് ആയുധം നൽകുകയും ആസിഫ് കടയുടെ നിരീക്ഷണം നടത്തുകയും ചെയ്തു എന്നാണ് എൻഐഎ സംഘം പറയുന്നത്. 

ബാക്കിയുണ്ടായിരുന്ന നാല് കത്തികളും മൊഹ്സിൻ മുർഗേവാലയുടെ ഇറച്ചിക്കടയിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ദാവത്തെ ഇസ്‌ലാമി എന്ന ഭീകരസംഘടനയുമായി പ്രതികൾ ബന്ധപ്പെട്ടിരുന്നതായും ഗൗസ് മുഹമ്മദും മറ്റു രണ്ടുപേർക്കൊപ്പം കറാച്ചിയിലെ ദാവത്തെ ഇസ്‌ലാമിയുടെ ആസ്ഥാനം സന്ദർശിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികളുടെ ഭീകരബന്ധം തെളിയിക്കാൻ  ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഡീറ്റെയിൽ റെക്കോർഡ്സ് (ഐപിആർഡി)  പരിശോധന നടത്തുമെന്നും അന്വേഷണ സംഘം പറഞ്ഞു. എന്നാൽ ദാവത്തെ ഇസ്‍ലാമിക്കു ഭീകരബന്ധമുണ്ടെന്ന ആരോപണം  സംഘടനയുടെ നേതാവ് മൗലാന മുഹമ്മദ് ഖാദിരി തള്ളി. വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്തു പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ഏതെങ്കിലും ഭീകരപ്രവർത്തനവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ പ്രതികളായ റിയാസും മുഹമ്മദും കൃത്യത്തിനുശേഷം കടന്നുകളയാൻ ഉപയോഗിച്ച ബൈക്കിന്റെ നമ്പർ 2611 എന്നത് 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണ ദിവസത്തെയാണ് (26/11) സൂചിപ്പിക്കുന്നതെന്ന വാദം ഉയർന്നു. 2013ൽ 5000 രൂപ അധികം നൽകിയാണു റിയാസ് ഈ ബൈക്ക് നമ്പർ സംഘടിപ്പിച്ചതെന്ന് ഉദയ്പുർ ആർടിഒ പ്രഭുലാൽ ബാംനിയ പറഞ്ഞു.  കനയ്യ ലാലിനെ കഴുത്തറുത്തു കൊന്നതിനെ ന്യായീകരിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ സമൂഹമാധ്യമ കമ്പനികൾക്കു കേന്ദ്രം നിർദേശം നൽകിയിരുന്നു. പ്രകോപനം ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനുമായി ഇത്തരം ​​​എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കേന്ദ്ര ഐടി മന്ത്രാലയം നോട്ടിസ് നൽകി.

English Summary: Udaipur killer Riyaz Attari had crafted six butcher knives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com