ADVERTISEMENT

ചെന്നൈ ∙ പുനര്‍വിവാഹത്തിനു ശ്രമിക്കുന്ന പുരുഷന്‍മാരെ വിവാഹം കഴിച്ചു സ്വത്തും ആഭരണങ്ങളുമായി മുങ്ങുന്ന സ്ത്രീ ചെന്നൈയില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയായ സുകന്യയാണ് (54) അറസ്റ്റിലായത്. വിവാഹിതരായ രണ്ടു പെണ്‍മക്കളുടെ അമ്മയായ ഇവര്‍ ആവഡി സ്വദേശിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് സേലത്തും ജോലാര്‍പേട്ടയിലും സമാന തട്ടിപ്പ് നടത്തിയിരുന്നു.

സ്വകാര്യ കമ്പനിയില്‍ മാനേജരായ ആവഡി സ്വദേശി ഗണേഷിനു (35) മുന്നില്‍, ആന്ധ്രപ്രദേശിലെ തിരുപ്പതിക്കു സമീപമുള്ള പുത്തൂര്‍ സ്വദേശിയായ ശരണ്യയെന്നായിരുന്നു വരനും കുടുംബത്തിനും ബ്രോക്കര്‍ പരിചയപ്പെടുത്തിയത്. കഴിഞ്ഞ വർഷം ശരണ്യയും ഗണേഷും തമ്മിലുള്ള വിവാഹം ആഘോഷമായി നടന്നു. ആറു വര്‍ഷത്തിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ കിട്ടിയ മരുമകള്‍ക്കു 25 പവന്‍ സ്വര്‍ണമാണു ഗണേഷിന്റെ അമ്മ ഇന്ദ്രാണി സമ്മാനിച്ചത്.

വൈകാതെ ഗണേഷിന്റെയും കുടുംബത്തിന്റെയും നിയന്ത്രണം ശരണ്യ ഏറ്റെടുത്തു. ശമ്പളം മുഴുവന്‍ ഏല്‍പ്പിക്കണമെന്ന ശരണ്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നു ദമ്പതികള്‍ തമ്മില്‍ തെറ്റി. പിറകെ ഗണേഷിന്റെ പേരിലുള്ള സ്വത്ത് ആവശ്യപ്പെട്ട് ശരണ്യ ഇന്ദ്രാണിയുമായി വഴക്കുണ്ടാക്കി. സ്വത്ത് എഴുതി നല്‍കാന്‍ ഗണേഷ് തയാറായെങ്കിലും ആധാര്‍ കാര്‍ഡ് നല്‍കാതെ ശരണ്യ കബളിപ്പിച്ചു. സംശയം തോന്നിയ ഇന്ദ്രാണി, ശരണ്യയെ വീട്ടില്‍നിന്ന് ഇറക്കിവിട്ട ശേഷം പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുന്‍പു മൂന്നുതവണ ശരണ്യ വിവാഹം കഴിച്ചതായി കണ്ടെത്തി. തിരുപ്പതി പുത്തൂരില്‍ ഭര്‍ത്താവും വിവാഹിതരായ പെണ്‍മക്കളുമുള്ള ഇവരുടെ യഥാര്‍ഥ പേരു സുകന്യയെന്നാണെന്നും പൊലീസ് പറയുന്നു. 11 വര്‍ഷം മുന്‍പു വീടുവിട്ട ഇവര്‍ സേലം സ്വദേശിയെയാണു പിന്നീട് വിവാഹം കഴിച്ചത്. ഇയാളുടെ സ്വര്‍ണവും പണവുമായി മുങ്ങിയ ശേഷം ജോലാര്‍പേട്ടയിലെ റെയില്‍വേ കന്റീന്‍ നടത്തിപ്പുകാരന്റെ ഭാര്യയായി.

കോവിഡ് സമയത്ത് അമ്മയെ കാണാന്‍ പോകുന്നുവെന്നു പറഞ്ഞ് ജോലാര്‍പേട്ടയില്‍നിന്നു മുങ്ങി, ചെന്നൈയിലെത്തി ഗണേഷിന്റെ വധുവായി. ബ്രോക്കര്‍മാര്‍ വഴി പുനര്‍വിവാഹത്തിനൊരുങ്ങുന്ന പുരുഷന്‍മാരെ കണ്ടെത്തിയായിരുന്നു തട്ടിപ്പ്. പെണ്ണുകാണലിനു മുന്‍പു ബ്യൂട്ടി പാര്‍ലറില്‍ പോയി നന്നായി ഒരുങ്ങിവരുന്ന സുകന്യയെ കണ്ടവര്‍ക്കെല്ലാം ഇഷ്ടപ്പെടുകയും ചെയ്തു. വിവാഹ സമയത്ത് സമ്മാനമായി ലഭിക്കുന്ന സ്വര്‍ണവും ഭര്‍ത്താക്കന്‍മാരുടെ പണവും മോഹിച്ചായിരുന്നു തട്ടിപ്പെന്നാണ് മൊഴി.

English Summary : Chennai Marriage Fraud, Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com