ADVERTISEMENT

തിരുവനന്തപുരം∙ ഭരണഘടനയെ വിമര്‍ശിച്ച സംഭവത്തില്‍ ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മന്ത്രി  സജി ചെറിയാന് രൂക്ഷ വിമർശനം. എതിരാളികൾക്ക് ആയുധം നൽകിയെന്നും വാക്കുകളിൽ മിതത്വം വേണ്ടിയിരുന്നുവെന്നും വിമര്‍ശനമുയർന്നു. മന്ത്രി എന്ന നിലയിൽ ജാഗ്രത കാട്ടണമായിരുന്നുവെന്നും സിപിഎം നേതൃത്വം മന്ത്രിയോടു പറഞ്ഞു. അതേസമയം

മന്ത്രി സജി ചെറിയാന്റെ രാജി തൽക്കാലം ആവശ്യപ്പെടേണ്ടന്ന ധാരണയാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതെന്നും സൂചനയുണ്ട്. വിഷയത്തില്‍ പൊലീസ് കേസെടുക്കുന്ന സാഹചര്യത്തില്‍ രാജിയെക്കുറിച്ച് ആലോചിക്കും. വിശദമായ നിയമോപദേശം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ എ.ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജി ഇല്ലെന്ന സൂചനയാണ് മന്ത്രി സജി ചെറിയാനും സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നൽകിയത്. രാജിവയ്ക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്താ പ്രശ്നമെന്നും, ഇന്നലെ എല്ലാം വിശദമായി പറഞ്ഞതല്ലേ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനയെ വിമർശിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രസംഗം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് തുടർനടപടികൾ തീരുമാനിക്കാൻ സിപിഎം അവെലബിൾ സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററിൽ ചേർന്നത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എ.വിജയരാഘവും ടി.പി.രാമകൃഷ്ണനും പങ്കെടുത്ത യോഗത്തിലേക്ക് മന്ത്രി സജി ചെറിയാനെ വിളിച്ചു വരുത്തിയിരുന്നു. സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയതിനുശേഷമാണ് സജി ചെറിയാൻ എകെജി സെന്ററിലേക്ക് എത്തിയത്.

സംഭവിച്ചത് നാക്കുപിഴയാണെന്ന് സജി ചെറിയാൻ യോഗത്തിൽ വിശദീകരിച്ചു. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴയായെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെന്ന നിലയിൽ പ്രതികരണം നടത്തുമ്പോൾ കൂടുതൽ ജാഗ്രതപാലിക്കണമെന്ന നിർദേശം സെക്രട്ടേറിയറ്റിലുണ്ടായി. യോഗത്തിനുശേഷം പുറത്തെത്തിയ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. നിയമ നടപടികൾ നോക്കിയശേഷം തുടർ നടപടികളിലേക്കു കടക്കാമെന്നാണ് സിപിഎം നേതൃത്വം നിലവിൽ സ്വീകരിച്ചിരിക്കുന്ന ധാരണ. ഇതു സംബന്ധിച്ച തീരുമാനം വാർത്താക്കുറിപ്പായോ വാർത്താസമ്മേളനത്തിലൂടെയോ പാർട്ടി നേതൃത്വം വ്യക്തമാക്കും.

പ്രതിപക്ഷ പാർട്ടികൾ സജി ചെറിയാനെതിരെ ഗവർണർക്കു പരാതി നൽകിയ സാഹചര്യത്തിൽ സർക്കാർ ഏജിയോട് നിയമോപദേശം തേടി. രാജിവയ്ക്കേണ്ട സാഹചര്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. മന്ത്രിയുടെ രാജി സംബന്ധിച്ച് സംസ്ഥാന ഘടകത്തിനു തീരുമാനിക്കാമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മന്ത്രിയുടെ പ്രസ്താവനയോട് വിയോജിപ്പുണ്ടെങ്കിലും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളിലേക്ക് സിപിഐ കടന്നിട്ടില്ല.

അതിനിടെ, മന്ത്രി സജി ചെറിയാനെതിരെ ഇതുവരെ 5 പരാതികൾ ലഭിച്ചതായി തിരുവല്ല ഡിവൈഎസ്‌പി ടി.രാജപ്പൻ പറഞ്ഞു. വിശദമായി പരിശോധിച്ച ശേഷം കേസെടുക്കുന്നതു തീരുമാനിക്കും. മല്ലപ്പള്ളിയിലെ പരിപാടിയിൽ പങ്കെടുത്തവരുടെ മൊഴിയെടുക്കുന്നതും പരിഗണനയിൽ. മല്ലപ്പള്ളി ഏരിയ കമ്മിറ്റി യോഗവും നടക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പങ്കെടുക്കുന്നുണ്ട്. 

മന്ത്രിയുടെ നാക്കു പിഴയാണെന്നും രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഇന്നലെ സിപിഎം നേതൃത്വം വിശദീകരിച്ചത്. എന്നാൽ, പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ഗവർണറുടെ ഭാഗത്തുനിന്ന് എതിരായ തീരുമാനം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യവും പാർട്ടി കണക്കിലെടുക്കുന്നു. മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.

ഭരണഘടനയോട് കൂറുപുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞത് കോടതിയിൽ തിരിച്ചടിയാകുമെന്നാണ് പാർട്ടിക്കു ലഭിച്ച നിയമോപദേശം. സിപിഐ നേതൃത്വവും ഇതേ പ്രശ്നം ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയോടുള്ള മുന്നണി നിലപാടിനെ തന്നെ തള്ളിപ്പറയുന്ന പ്രസ്താവനയാണ് മന്ത്രിയിൽനിന്നുണ്ടായതെന്നു സിപിഐ വിലയിരുത്തുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് ഉജ്വല വിജയം സമ്മാനിച്ച, ആലപ്പുഴ ജില്ലയിലെ പ്രധാന നേതാവായ സജി ചെറിയാനെ സംരക്ഷിക്കണമെന്ന ആഗ്രഹം പാർട്ടി നേതൃത്വത്തിനുണ്ടെങ്കിലും അതിനു കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഭരണഘടനയെ തള്ളിപ്പറഞ്ഞതോടെ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടാണ് മന്ത്രി തള്ളിക്കളഞ്ഞത്. ആരു പറഞ്ഞാലും തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംരക്ഷിക്കാൻ ശ്രമിച്ചാൽ കോടതിയിൽനിന്നോ ഗവർണറിൽനിന്നോ നടപടിയുണ്ടായാൽ കൂടുതൽ നാണക്കേടുണ്ടാകുമെന്നു നേതൃത്വം വിലയിരുത്തുന്നു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ നിയമവഴി തേടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നേരിടേണ്ട കോടതി നടപടികളെക്കുറിച്ചും പാർട്ടി പരിഗണിക്കുന്നു. ഇന്നു വൈകുന്നേരം മന്ത്രിസഭായോഗം ചേരുന്നുണ്ട്. സജി ചെറിയാൻ മന്ത്രിസഭയിലുണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്നു തന്നെ വ്യക്തതവരും. അതിനിടെ സജി ചെറിയാന്റെ രാജി ആവശ്യപ്പെടണമെന്ന് അറിയിച്ച് പ്രതിപക്ഷം ഗവർണറെ കാണും.

അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാതെ ശൂന്യവേള റദ്ദാക്കിയതിലുള്ള പ്രതിഷേധം പ്രതിപക്ഷം സ്പീക്കറെ നേരില്‍ കണ്ട് അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് അംഗീകരിക്കാനാകില്ല. പ്രതിപക്ഷാംഗങ്ങള്‍ സീറ്റില്‍ ഇരുന്നതിന് ശേഷവും എട്ടു മിനിട്ട് കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞതിലുള്ള വിയോജിപ്പും സ്പീക്കറെ അറിയിച്ചു.

English Summary : Minister Saji Cheriyan denies his resignation news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com