തിരുവനന്തപുരം∙ ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമർശം ആര്‍എസ്എസ് നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആർഎസ്എസിന്റെ സ്ഥാപകനായ ഗോള്‍വാക്കറുടെ തന്റെ ‘ബഞ്ച് ഓഫ് തോട്സ്’ എന്ന പുസ്തകത്തിൽ സജി ചെറിയാൻ ഇന്നലെ പറഞ്ഞ ‘ബ്രിട്ടിഷുകാർ എഴുതിക്കൊടുത്ത ഭരണഘടനയാണ് ഇന്ത്യയിലുള്ളത്’ എന്ന് കൃത്യമായി പറഞ്ഞുട്ടുണ്ട്. മന്ത്രിക്ക് രാജിവച്ച് ആര്‍എസ്എസില്‍ ചേരാം. അങ്ങനെ അങ്ങനെ കേന്ദ്രമന്ത്രിയാകാമെന്നും സതീശൻ പരിഹസിച്ചു.
മന്ത്രിയുടേത് പാര്‍ട്ടി നിലപാടാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നു പറഞ്ഞ സതീശൻ സർക്കാർ പ്രതിപക്ഷത്തിനു മറുപടി നല്‍കാതെ ഒളിച്ചോടിയെന്നും പറഞ്ഞു. മനപ്പൂർവ്വമായി ഭരണകക്ഷി അംഗങ്ങൾ സീറ്റിൽനിന്ന് ഇറങ്ങിവന്ന് ബഹളമുണ്ടാക്കി പ്രകോപനം സൃഷ്ടിച്ചു. പ്രതിപക്ഷ അംഗങ്ങൾ സീറ്റിൽ ഇരുന്നു മാത്രം മുദ്രാവാക്യം വിളിച്ചിട്ടും ആദ്യമായിട്ടാണ് ചോദ്യോത്തരവേളയും സീറോ അവറും ബാക്കിയുള്ള നടപടിക്രമങ്ങളും എല്ലാം സ്പീക്കർ റദ്ദു ചെയ്തത്. പ്രതിപക്ഷവും നാടും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിയും പാർട്ടിയും തയാറാല്ലെന്നു സതീശൻ ആരോപിച്ചു.
മന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നാണ് പ്രതിപക്ഷ നിലപാട്. സഭയ്ക്ക് പുറത്തും പ്രതിഷേധമുയർത്തിയ പ്രതിപക്ഷാംഗങ്ങൾ ജയ് ഭീം മുദ്രാവാക്യം മുഴക്കി.
English Summary : VD Satheesan against Saji Cheriyan and government stand