ADVERTISEMENT

തിരുവനന്തപുരം∙ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനതിരെ കേസെടുത്തിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നിയമസഭയെ അറിയിച്ചു. ഇ.പി.ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാത്തത്. ജയരാജൻ മർദ്ദിച്ചെന്ന പരാതി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുറ്റകൃത്യം ലഘൂകരിക്കാനാണെന്നുമാണ് വിശദീകരണം.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചപ്പോൾ ഇ.പി.ജയരാജൻ തടയാൻ ശ്രമിച്ചു. ഈ സംഭവത്തെ മർദനമായി കാണിച്ച് രണ്ടുപേർ ജയരാജനെതിരെ ഇ മെയിലിൽ പരാതി നൽകി. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്. കേസിലെ ഒന്നും രണ്ടും പ്രതികൾ കോടതിയിലോ പൊലീസിലോ ഇ.പി.ജയരാജൻ മർദിച്ചതായി ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനാണ് ഇ.പി.ജയരാജനെതിരെ പരാതി നൽകിയതെന്ന് ബോധ്യമായതിനാൽ പ്രത്യേകം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനമൊട്ടാകെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് അദ്ദേഹം സഞ്ചരിച്ച വിമാനത്തിനുള്ളിലും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇവരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടതും വിവാദമായിരുന്നു.

English Summary: No Case Will Be Registered Against EP Jayarajan, Says CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com