ADVERTISEMENT

കാബൂൾ∙ 2001ൽ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തിയതിനു പിന്നാലെ, അവിടെനിന്നു രക്ഷപ്പെടാനായി താലിബാൻ സ്ഥാപകൻ മുല്ല ഒമർ ഉപയോഗിച്ച കാർ ‘കുഴിച്ചെടുത്ത്’ താലിബാൻ ഭരണകൂടം. യുഎസ് സൈന്യത്തിന്റെ കണ്ണിൽപ്പെടാതെ കുഴിച്ചിട്ട വാഹനമാണ് കഴിഞ്ഞ ദിവസം താലിബാൻ ഭരണകൂടം വീണ്ടെടുത്തത്. ഏതാണ്ട് രണ്ടു പതിറ്റാണ്ടിലധികം മണ്ണിനടിയിലായിരുന്നെങ്കിലും വാഹനത്തിന് കാര്യമായ കേടുപാടുകളില്ലെന്നാണ് റിപ്പോർട്ട്.

സാബൂൾ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് മുല്ല ഒമറിന്റെ വെള്ള ടൊയോട്ട കൊറോള പ്ലാസ്റ്റിക്കിൽ ‍പൊതിഞ്ഞ് കുഴിച്ചിട്ടിരുന്നത്. താലിബാൻ നേതാവ് അബ്ദുൽ ജബ്ബാർ ഒമാറിയാണ് വാഹനം ഒളിപ്പിച്ചത്. അദ്ദേഹം തന്നെയാണ് വാഹനം കുഴിച്ചെടുക്കാനും നിർദ്ദേശം നൽകിയത്.

‘വാഹനത്തിന് ഇപ്പോഴും യാതൊരു തകരാറുമില്ല. മുൻവശത്ത് ചെറുതായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നു മാത്രമേയുള്ളൂ’ – സാബൂൾ പ്രവിശ്യയിലെ അധികൃതരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.

യുഎസ് സൈന്യം മുല്ല ഒമറിന്റെ വാഹനം പിടിച്ചെടുക്കുന്നത് തടയാനാണ് ആരെയും അറിയിക്കാതെ ഇത് കുഴിച്ചിട്ടതെന്നാണ് താലിബാൻ നൽകുന്ന വിശദീകരണം. വാഹനം കുഴിച്ചെടുക്കുന്ന ദൃശ്യം താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. ഒരു ചരിത്ര സ്മാരകമെന്ന നിലയിൽ മുല്ല ഒമറിന്റെ വാഹനം കാബൂളിലെ നാഷനൽ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് താലിബാന്റെ നീക്കം.

1996 മുതൽ 2001വരെ താലിബാൻ തലവനെന്ന നിലയിൽ അഫ്ഗാൻ ഭരിച്ച വ്യക്തിയാണ് മുല്ല ഒമർ. കാണ്ടഹാർ പ്രവിശ്യയിലെ ഖക്രെസ് ജില്ലയിലുള്ള ചായി ഹിമ്മത് ഗ്രാമത്തിൽ 1960ലാണ് ഒമർ ജനിച്ചത്. മുല്ല ഒമറിന്റെ മരണവുമായി ബന്ധപ്പെട്ട് പല കാലങ്ങളിലായി വ്യത്യസ്തങ്ങളായ ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, 2013 ഏപ്രിലിൽ അദ്ദേഹം മരിച്ചതായി തൊട്ടടുത്ത വർഷം ജൂലൈയിൽ താലിബാൻ സ്ഥിരീകരിച്ചു.

English Summary: Taliban dig-up their founder Mullah Omar’s vehicle buried 21 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com