ചെന്നൈ∙ തമിഴ്നാടിനെ വിഭജിക്കണമെന്ന് ബിജെപി എംഎൽഎ നൈനർ നാഗേന്ദ്രൻ. തമിഴ്നാടിനു സ്വയംഭരണാവകാശം വേണമെന്നും ഇല്ലെങ്കിൽ പ്രത്യേക തമിഴ് രാജ്യമെന്ന ആവശ്യം ഉന്നയിക്കുമെന്നും കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് എ. രാജ പറഞ്ഞതിനു മറുപടിയായാണ് നാഗേന്ദ്രന്റെ പ്രസ്താവന. ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ തമിഴ്നാട് ബിജെപി നടത്തുന്ന പ്രതിഷേധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു നാഗേന്ദ്രൻ.
‘രാജയുടെ പ്രസംഗം കേട്ടപ്പോഴാണ് എനിക്ക് ഇങ്ങനെ ആശയം തോന്നിയത്. തമിഴ്നാടിനെ രണ്ടാക്കിയാൽ കേന്ദ്ര പദ്ധതികളെല്ലാം ജനങ്ങളിലേക്കു നല്ല രീതിയിൽ എത്തിക്കാനാകും. ബിജെപി അധികാരത്തിലെത്തിയാൽ നമുക്കു കൂടുതൽ ഫണ്ട് ലഭിക്കും’ – നൈനര്‍ നാഗേന്ദ്രൻ പറഞ്ഞു. 38 ജില്ലകളിലായി 234 നിയമസഭാ മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്. ബിജെപിക്ക് നിലവിൽ 4 എംഎൽഎമാരാണുള്ളത്.
‘‘വിഭജിച്ചാൽ ബിജെപിക്ക് ഇപ്പോഴുള്ള നാല് അംഗങ്ങളെക്കൂടി നഷ്ടമാകും. അവർ തമിഴ്നാട്ടിൽനിന്നു പുറത്താകും. അങ്ങനെ വിഭജിക്കണമെങ്കിൽ ആദ്യം 403 നിയമസഭാ മണ്ഡലങ്ങളും 83 ലോക്സഭാ മണ്ഡലങ്ങളുമുള്ള ഉത്തർപ്രദേശ് വിഭജിക്കട്ടെ’’ – ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ദേശീയമാധ്യമത്തോടു പ്രതികരിച്ചു.
നേരത്തേ കൊങ്കുനാട് എന്നപേരിൽ കോയമ്പത്തൂർ ഉൾപ്പെടെ തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയെ വിഭജിച്ച് പുതിയ സംസ്ഥാനമെന്ന ആശയം ബിജെപി മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെ പാർട്ടിതന്നെ അതു നിഷേധിക്കുകയും ചെയ്തു.

തമിഴ്നാടിനെ വിഭജിക്കില്ല: കേന്ദ്രമന്ത്രി വി.കെ.സിങ്
തമിഴ്നാടിനെ വിഭജിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ്. അണ്ണാഡിഎംകെയിൽ നിലവിലുള്ളത് ഉൾപ്പാർട്ടി പ്രശ്‌നമാണെന്നും മറ്റു പാർട്ടികളുടെ പ്രശ്നങ്ങളിൽ ബിജെപി ഇടപെടാറില്ലെന്നും വി.കെ.സിങ് പറഞ്ഞു. തമിഴ്‌നാട്ടിൽ ബിജെപി എപ്പോൾ സർക്കാർ രൂപീകരിക്കുമെന്ന ചോദ്യത്തിന് ഉത്തരം ജനങ്ങളുടെ കയ്യിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Now, Tamil Nadu BJP Leader Calls For Splitting State In Two