തിരുവനന്തപുരം ∙ ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന് മന്ത്രിസ്ഥാനം നഷ്ടമാവുകയും കേസിൽ പ്രതിയാകുകയും ചെയ്ത സിപിഎം നേതാവ് സജി ചെറിയാനെതിരെ പുതിയ പരാതി. ഹെൽമറ്റില്ലാതെ സ്കൂട്ടറോടിച്ചതിനാണ് ഇത്തവണ സജി ചെറിയാനെതിരെ പരാതി ഉയർന്നിരിക്കുന്നത്. അഭിഭാഷകനായ പി.ജി.ഗീവസർഗീസാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്.
മന്ത്രിസ്ഥാനം രാജിവച്ച ശേഷം, ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടറിൽ പുറത്തേക്കു പോകുന്നതിന്റെ ചിത്രം മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി.
സജി ചെറിയാനോട് ഹെൽമറ്റ് ധരിക്കാത്തതെന്ത് എന്ന ചോദ്യവുമായി മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ് ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. മനോരമ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തായിരുന്നു ഷോൺ ജോർജിന്റെ ചോദ്യം. പെറ്റി അടച്ചില്ലെങ്കിൽ കോടതിയിൽ കാണാമെന്നും ഷോൺ ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
English Summary: Complaint Against Saji Cheriyan MLA For Riding Scooter Without Helmet