ADVERTISEMENT

കൊച്ചി ∙ സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കൗൺസൽ കൂടിയായ അഭിഭാഷകൻ പുത്തൻകുരിശ് കാണിനാട് സ്വദേശി നവനീത് എൻ.നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് നവനീതിന് ജാമ്യം അനുവദിച്ചത്.

ഇത്തരം കേസുകളിൽ വിവാഹ വാഗ്ദാനം നൽകിയിട്ടാണോ ശാരീരിക ബന്ധത്തിനുള്ള സമ്മതം ലഭിച്ചത് എന്നതാണു നിർണായകമായി പരിഗണിക്കേണ്ടതെന്നു ഹർജി പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ പറഞ്ഞിരുന്നു. ബന്ധത്തിൽ കല്ലുകടിയുണ്ടാകുന്നതോടെ ഉയർത്തുന്ന ആരോപണത്തെ ബലാൽസംഗമായി കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിദേശരാജ്യങ്ങളിലെപ്പോലെ ഒന്നിച്ചു ജീവിച്ച് മാനസിക, ശാരീരിക ചേർച്ചകൾ മനസ്സിലാക്കിയശേഷം വിവാഹം കഴിക്കാമെന്നു തീരുമാനിക്കുന്ന യുവതീയുവാക്കളെ ഇപ്പോൾ കാണാം. ചേർച്ചയില്ലെന്നു കണ്ടാൽ അവർ ബന്ധം ഉപേക്ഷിക്കും. ഒരാൾ ബന്ധം തുടരാമെന്നു വിചാരിക്കുമ്പോൾ മറ്റൊരാൾ വേണ്ടെന്നു വിചാരിക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ബലാൽസംഗങ്ങളായി മാറുന്നില്ല. വാഗ്ദാനലംഘനമാകാം, എന്നാൽ ഇവ ബലാൽസംഗങ്ങളാകുന്നില്ലെന്നും കോടതി പറഞ്ഞു. 

പ്രായപൂർത്തിയായ രണ്ടു പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധം 376-ാം വകുപ്പിന്റെ പരിധിയിൽ വരുന്ന ബലാൽസംഗമായി കണക്കാക്കില്ല. പങ്കാളിയുടെ സമ്മതമില്ലാതെയോ ബലം പ്രയോഗിച്ചോ ചതിച്ചോ ബന്ധപ്പെട്ടാൽ മാത്രമേ ബലാൽസംഗമായി കാണാനാകൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും പരാമർശങ്ങൾ വിചാരണയെ ഒരുതരത്തിലും ബാധിക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് യുവതിയുടെ പരാതിയിൽ സെൻട്രൽ പൊലീസ് ചുമത്തിയിരുന്നത്. കഴിഞ്ഞ നാലു വർഷമായി നവനീതുമായി പ്രണയത്തിലാണെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച നവനീത്, പിന്നീട് ബന്ധത്തിൽനിന്നു പിൻമാറിയെന്നും മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ നീക്കം നടത്തിയെന്നുമാണ് പരാതി. ഇക്കാര്യം അറിഞ്ഞ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.

English Summary: Sexual relationship between two willing adults cannot be rape under Section 376: Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com