പാലക്കാട്∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകി. പാലക്കാട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണ സംഘത്തിന്റെ നോട്ടിസ് പ്രകാരം ഇബ്രാഹിം പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയത്.
ഷാജ് കിരണിനൊപ്പമാണ് ഇബ്രാഹിം കോടതിയിലെത്തിയത്. സ്വപ്നയെ പരിചയപ്പെട്ട മാർച്ച് മൂന്ന് മുതൽ ജൂൺ എട്ട് വരെയുള്ള കാര്യങ്ങൾ വിശദമായി കോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് ഇബ്രാഹിം പറഞ്ഞു.
സ്വപ്നയെ സ്വാധീനിച്ചു മൊഴിമാറ്റിക്കാൻ ശ്രമിച്ച കേസിൽ ഷാജ് കിരണിനെ പ്രതി ചേർക്കാവുന്നതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നിയമോപദേശം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യം ചെയ്യലിൽ വസ്തുതകൾ മറയ്ക്കാൻ ഷാജ് കിരണ്‍ ശ്രമിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
Content Highlights: Shaj Kiran, Swapna Suresh, Kerala Police