ADVERTISEMENT

മുംബൈ ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി. കേസ് ഒത്തുതീർപ്പിലെത്തിയെന്നു വ്യക്തമാക്കി ഇരുവരും നൽകിയ അപേക്ഷ ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തങ്ങളുടെ കുട്ടിയുടെ ഭാവി ഓർത്താണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നു ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട് കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. ഈ വസ്തുതകൾ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം.

ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ കുറ്റപത്രത്തിലുണ്ട്. കോടതിയിൽ സമർപ്പിച്ച രേഖയിൽ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ട്. ഇരുവരും വിവാഹിതരായതാണോ എന്നു കോടതി ചോദിച്ചപ്പോൾ, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും വ്യക്തമാക്കി. അതോടെ, വിവാഹിതരാണോ എന്ന കാര്യത്തിലുള്ള തർക്കം പരിഹരിച്ചശേഷം കേസ് ഒത്തുതീർക്കണമോ എന്ന കാര്യം പരിഗണിക്കാമെന്നും ഇപ്പോൾ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

യുവതി മൂന്നു വർഷം മുൻപ് നൽകിയ പീഡനപരാതി കള്ളക്കേസായിരുന്നെന്നാണ് ബിനോയി കോടതിയിൽ ഇതുവരെ വാദിച്ചിരുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച ഡിഎൻഎ പരിശോധനാ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി ഇരുവരും ഹൈക്കോടതിയിൽ എത്തിയത്.

2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാണ് ആരോപണം. ദുബായിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു.

2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായിൽനിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണം അയയ്ക്കും. എന്നാൽ 2015ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

English Summary: Binoy Kodiyeri Rape Case: Bombay High Court blocks settlement attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com