ADVERTISEMENT

ന്യൂഡൽഹി∙ മുംബൈ സ്ഫോടന പരമ്പരക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന  അധോലോക കുറ്റവാളി അബു സലേമിന്റെ ശിക്ഷ സംബന്ധിച്ച് പോർച്ചുഗൽ സർക്കാരിനു നൽകിയ നയതന്ത്ര ഉറപ്പുകൾ പാലിക്കാൻ കേന്ദ്രസർക്കാരിനു ബാധ്യതയുണ്ടെന്നു സുപ്രീം കോടതി. 25 വർഷം ശിക്ഷ പൂർത്തിയാക്കുന്ന മുറയ്ക്ക് പ്രതിയെ മോചിപ്പിക്കണമെന്നു ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എം.എം.സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 25 വർഷം പൂർത്തിയാകുന്നതോടെ ശിക്ഷാ ഇളവിനായി കേന്ദ്ര സര്‍ക്കാരിനു രാഷ്ട്രപതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

2002 സെപ്റ്റംബർ 20 ന് പോർച്ചുഗലിൽ ഇന്റർപോൾ അറസ്റ്റ് ചെയ്ത അബുസലേമിനെയും കാമുകി മോണിക്ക ബേദിയെയും 2005 ലാണ് ഇന്ത്യയ്ക്ക് കൈമാറിയത്. എല്ലാ കുറ്റങ്ങൾക്കും ഇന്ത്യയിൽ വിചാരണ ചെയ്യാമെങ്കിലും വധശിക്ഷയോ 25 വർഷത്തിലേറെ തടവോ നൽകില്ലെന്ന വ്യവസ്ഥയോടെയാണു വിട്ടുനൽകിയത്. ഈ കാലാവധി അവസാനിച്ചെന്നും തിരികെ പോർച്ചുഗലിലേക്കു പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അബു സലേം നൽകിയ ഹർജിയിലാണ് നിർണായക ഉത്തരവ്. എന്നാൽ പോര്‍ച്ചുഗല്‍ ജയിലില്‍ കഴിഞ്ഞ കാലഘട്ടം കൂടി കണക്കാക്കണമെന്ന അബു സലേമിന്റെ ആവശ്യം കോടതി നിരസിച്ചു.

2005 ലാണ് ഇന്ത്യയ്ക്ക് അബു സലേമിനെ കൈമാറിയതെന്നും 2030 ലാണ് 25 വർഷം തികയുക എന്നും അപ്പോൾ വിഷയം പരിഗണിക്കാമെന്നുമായിരുന്നു വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം കോടതിയിൽ സ്വീകരിച്ചിരുന്ന നിലപാട്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയായിരുന്ന അബു സലേം ഉൾപ്പെടെ പ്രതികൾക്ക് 2017 ൽ ‘ടാഡ’ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിൽ സലേമിനു കൊലക്കയർ ഒഴിവായത് ഇന്ത്യയും പോർച്ചുഗലും കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാറിനെ തുടർന്നാണ്. മുംബൈ നഗരത്തിൽ 12 സ്ഥലങ്ങളിൽ 1993 ൽ നടന്ന സ്ഫോടന പരമ്പരയിൽ 257 പേരാണ് കൊല്ലപ്പെട്ടത്.

English Summary: Centre Bound To Release Gangster Abu Salem: says Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com