ADVERTISEMENT

തൃശൂർ ∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ പരാതി. കേസിൽ പ്രതിയായ പൾസർ സുനി കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും ശ്രീലേഖ നടപടിയെടുക്കാതെ സംരക്ഷിച്ചെന്നാണ് പരാതി. പ്രഫ. കുസുമം ജോസഫാണ് തൃശൂർ റൂറൽ എസ്പിക്കു പരാതി നൽകിയത്.

‘സസ്നേഹം ശ്രീലേഖ’ എന്ന യുട്യൂബ് ചാനലിലൂടെയാണ്, നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ ന്യായീകരിച്ച് ശ്രീലേഖ രംഗത്തെത്തിയത്. കേസില്‍ പ്രതിയായ പള്‍സര്‍ സുനി മറ്റു ചില നടിമാരെയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഒരു വെളിപ്പെടുത്തൽ. ചില നടിമാര്‍ തന്നോട് ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്ന് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് അവർ ഒതുക്കി തീർക്കുകയായിരുന്നുവെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. 

ശ്രീലേഖയുടെ വാക്കുകൾ

2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ ഞാൻ ജയിൽ ഡിജിപിയായിരുന്നു. കേസിന്റെ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയപ്പോൾ എനിക്ക് യാതൊരു സംശയവും തോന്നിയില്ല. കേസിൽ അറസ്റ്റിലായ ഒന്നോ രണ്ടോ പേർ മാത്രമാണ് ആദ്യമായി കുറ്റം ചെയ്തവർ. ബാക്കിയെല്ലാവരും മുൻപു പല കേസുകളിലും പ്രതികളാണ്. വളരെ മോശമായ പശ്ചാത്തലം ഉള്ളയാളാണ് പൾസർ സുനി. എനിക്കിതിനെക്കുറിച്ച് അറിയാം. 12 വർഷത്തോളം എറണാകുളത്ത് പ്രവർത്തിച്ചയാളാണ് ഞാൻ. അതുകൊണ്ടുതന്നെ സിനിമാ മേഖലയിൽ നിന്നുള്ള പലരും പല കാര്യങ്ങൾക്കായി എന്റെയടുത്ത് വന്നിട്ടുണ്ട്.

വളരെ അടുപ്പം ഉണ്ടായിരുന്ന രണ്ട് മൂന്ന് നടിമാർ പൾസർ സുനിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പലതും പറഞ്ഞ് അടുത്ത് കൂടി ഡ്രൈവറായി വന്ന് വിശ്വാസം പിടിച്ചുപറ്റി തട്ടിക്കൊണ്ട് പോയി മൊബൈലിൽ ദൃശ്യങ്ങൾ പിടിച്ച് ബ്ലാക്ക്മെയിൽ ചെയ്യുന്ന ആളാണെന്ന് അവർ പറഞ്ഞതാണ്. ആ നടിമാരോട്, എന്തുകൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നും കേസ് ആക്കി ഇയാളെ അകത്തിടാമല്ലോയെന്നും ഞാൻ ചോദിച്ചിരുന്നു. സ്വന്തം കരിയർ നഷ്ടപ്പെടുന്നത് കൊണ്ടും ഈ കേസ് പുറത്ത് വന്നാൽ കൂടുതൽ മാനഹാനി നേരിടേണ്ടി വരുമെന്ന പേടി കൊണ്ടും പൈസ കൊടുത്ത് ആ സംഭവം സെറ്റിൽ ചെയ്യുകയായിരുന്നുവെന്നാണ് അവർ പറഞ്ഞത്.

പൾസർ സുനി ഉപദ്രവിച്ചതിനെക്കുറിച്ച്, നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും നിരവധി നടിമാർ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ചില നടിമാർ അത് പറയാതെയും ഇരുന്നിട്ടുണ്ട്. പൾസർ സുനിയാണ് നടിയെ ആക്രമിച്ചതെന്ന് അറിഞ്ഞപ്പോൾ, ഇതൊക്കെ അറിയാവുന്നതുകൊണ്ട് എന്നെ സംബന്ധിച്ച് അന്നും ഇന്നും അക്കാര്യത്തിൽ ഒരു സംശയവുമില്ല.

English Summary: Complaint Against R Sreelekha After Revelations On Actress Attack Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com