ADVERTISEMENT

ന്യൂയോർക്ക്∙ 2023ൽ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) റിപ്പോർട്ട്. 2022 നവംബർ പകുതിയോടെ ലോകജനസംഖ്യ 800 കോടി ആകുമെന്നും യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്, പോപ്പുലേഷൻ ഡിവിഷൻ, ദ് വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്‌ട്‌സ് 2022 പ്രവചിച്ചു. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

റിപ്പോർട്ട് അനുസരിച്ച്, 2022ൽ ഇന്ത്യയിലെ ജനസംഖ്യ 141 കോടിയാണ്. ചൈനയിൽ 142 കോടിയും. 2023ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറികടക്കുന്ന ഇന്ത്യയിൽ, 2050 ആകുമ്പോൾ 160 കോടി ആളുകൾ ഉണ്ടാകും. ചൈനയിലെ ജനസംഖ്യ ഈ സമയം 131 കോടിയായി കുറയും.

2022ൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടു പ്രദേശങ്ങൾ കിഴക്കൻ, തെക്ക്-കിഴക്കൻ ഏഷ്യയാണ്. 230 കോടി ജനങ്ങളാണ് ഇവിടെയുള്ളത്. ആഗോള ജനസംഖ്യയുടെ 29 ശതമാനം വരും ഇത്. മധ്യ, ദക്ഷിണ ഏഷ്യയിൽ 210 കോടി ജനങ്ങളുണ്ട്. മൊത്തം ലോക ജനസംഖ്യയുടെ 26 ശതമാനമാണ് ഇത്. ഈ മേഖലയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ചൈനയിലും ഇന്ത്യയിലുമാണ്

ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ട് രാജ്യങ്ങളിൽ മാത്രമായിരിക്കും 2050 വരെയുള്ള ആഗോള ജനസംഖ്യാ വർധനവിന്റെ പകുതിയിലധികവും ഉണ്ടാകുക. 2010നും 2021 നും ഇടയിൽ പത്ത് രാജ്യങ്ങളിൽ നിന്ന് 10 ലക്ഷം വീതം ആളുകൾ പലായനം നടത്തിയെന്നു റിപ്പോർട്ടിൽ പറയുന്നു.

ആഗോള ജനസംഖ്യ 2030ൽ 850 കോടിയിലേക്കും 2050ൽ 970 കോടിയിലേക്കും വളരുമെന്നും റിപ്പോർട്ട് പറയുന്നു. 2080കളിൽ ജനസംഖ്യ ഏകദേശം 1040 കോടിയിലേക്ക് എത്തുമെന്നും 2100 വരെ ആ നിലയിൽ തുടരുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള ജനസംഖ്യ 1950നു ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കിലാണ് വളരുന്നത്. 2020ൽ ഒരു ശതമാനത്തിൽ താഴെയായി.

‘ഭൂമിയിലെ മനുഷ്യരുടെ എണ്ണം 800 കോടിയിലേക്ക് കടക്കുന്ന നിർണായകവേളയിലാണ് ഈ വർഷത്തെ ലോക ജനസംഖ്യാ ദിനം (ജൂലൈ 11). ഇത് നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും പൊതുവായ മാനവികതയെ തിരിച്ചറിയാനും ആരോഗ്യരംഗത്തെ പുരോഗതിയിൽ അത്ഭുതപ്പെടാനുമുള്ള അവസരമാണ്. ആയുസ്സ് വർധിപ്പിക്കുകയും മാതൃ-ശിശു മരണനിരക്ക് ഗണ്യമായി കുറയ്ക്കുകയും ചെയ്തു.’– യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

നമ്മുടെ ഗ്രഹത്തെ പരിപാലിക്കാനുള്ള ഉത്തരവാദിത്തത്തിന്റെ ഓർമപ്പെടുത്തലാണിതെന്നും നമ്മുടെ പ്രതിബദ്ധതയിൽ എവിടെയാണ് വീഴ്ച സംഭവിച്ചതെന്നു പരസ്പരം ചിന്തിക്കാനുള്ള നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: India Likely To Surpass China As Worlds Most Populous Country In 2023: UN Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com