ADVERTISEMENT

തിരുവനന്തപുരം ∙ പൂജപ്പുര സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരനായ കോട്ടയം സ്വദേശി സുഭാഷ് ജയിൽ വളപ്പിലെ ചുറ്റു മതിൽ ചാടി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് ഉദ്യോഗസ്ഥരെ വലച്ചു. ഒന്നര മണിക്കൂർ നേരം മരത്തിനു മുകളിൽ ഇരുന്ന ഇയാൾ താഴെയിറങ്ങാൻ തയാറായില്ല. അഗ്നിശമനസേന ബലം പ്രയോഗിച്ച് താഴെയിറക്കാൻ ശ്രമിച്ചതോടെ മരക്കൊമ്പ് ഒടിഞ്ഞു താഴേയ്ക്കു വീണ സുഭാഷ്, സേന വിരിച്ച വലയിലേക്കാണു വീണത്. പിന്നീട് സുഭാഷിനെ ആശുപത്രിയിലേക്കു മാറ്റി. സുഭാഷിനു മാനസിക പ്രശ്നങ്ങളുണ്ടെന്നു സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജയിൽ ചാടാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കുമെന്നും അവർ അറിയിച്ചു.

2016ലാണ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ സെൻട്രൽ ജയിലിൽ എത്തിയത്. കോവിഡിനെ തുടർന്ന് 2020ൽ തുറന്ന ജയിലിലേക്കു മാറ്റി. പിന്നീട് പരോൾ ലഭിച്ച് നാട്ടിലേക്കു പോയി. പരോൾ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്തു നെട്ടുകാൽത്തേരി തുറന്ന ജയിലിൽ എത്തിച്ചു. മാനസിക പ്രശ്നങ്ങൾ കാട്ടിയതിനെ തുടർന്ന് മൂന്നാഴ്ച മുൻപാണ് സെൻട്രൽ ജയിലിലേക്കു മാറ്റിയത്.

ജയിലിലെ വലിയ മതിലിനു പുറത്തുള്ള ഓഫിസിൽ ഹാജരാക്കിയശേഷം പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാൾ ഓടിയത്. ഓഫിസിനു പുറകിലുള്ള ഉയരം കുറഞ്ഞ മതിൽ ചാടി തൊട്ടടുത്തുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഷെൽട്ടർഹോം വളപ്പിലെ മരത്തിൽ കയറുകയായിരുന്നു. ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബത്തെ കാണണമെന്നായിരുന്നു ആവശ്യം. അപകടം ഉണ്ടാകാതിരിക്കാൻ അഗ്നിശമനസേന മരത്തിനു ചുറ്റും വലവിരിച്ചു.

ജയില്‍ മോചിതനാകണമെന്നും ജഡ്ജിയെ നേരിൽ കാണണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. മഴ പെയ്തത് രക്ഷാപ്രവർത്തനത്തിനു തടസമായി. അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിക്കുന്തോറും ഇയാൾ മുകളിലേക്കു കയറി. സുഭാഷിന്റെ കാലിൽ പിടിച്ച് വലിച്ചു താഴെയിറക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇയാൾ ബലം പ്രയോഗിച്ച് മുകളിലേക്കു കയറി. ഇതിനിടെയാണ് മരം ഒടിഞ്ഞ് താഴേക്കു വീണത്.

താൻ വീഴുകയാണെങ്കിൽ ഉദ്യോഗസ്ഥരെയും താഴേക്കു വീഴ്ത്തുമെന്ന് ഇയാൾ ഇതിനിടെ പറയുന്നുണ്ടായിരുന്നു. ചെങ്കൽച്ചൂള ഫയർഫോഴ്സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വി.ആർ.അരുൺകുമാർ, ശ്രീരാജ് ആർ.നായർ, സനൽകുമാർ എന്നിവരാണ് മരത്തിനു മുകളിലേക്കു കയറിയത്.

English Summary : Prisoner who tried to escape from Poojappura jail got stuck in tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com