ADVERTISEMENT

ലണ്ടൻ ∙ ബോറിസ് ജോൺസന്റെ പിൻഗാമിയാരെന്ന അന്വേഷണത്തിൽ കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ വലിയ പിന്തുണ ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനാക്കിന്. 358 എംപിമാരിൽ 88 പേരുടെ പിന്തുണയാണ് സുനാക്കിന് ലഭിച്ചത്. തൊട്ടുപിന്നാലെ ജൂനിയർ വ്യാപാര മന്ത്രി പെന്നി മൊർഡൗന്റ് 67 വോട്ടുമായി രണ്ടാമതും വിദേശകാര്യമന്ത്രി ലിസ് ട്രൂസ് 50 വോട്ടുമായി മൂന്നാമതും എത്തിയിരുന്നു.

പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള മൽസരത്തിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് പാർലമെന്റ് സമുച്ചയത്തിൽ നടന്നിരുന്നു. ചുരുങ്ങിയത് 30 എംപിമാരുടെ പിന്തുണയുണ്ടെങ്കിലേ ഒരാൾക്ക് പ്രധാനമന്ത്രിസ്ഥാനത്തേക്കു മൽസരിക്കാനാകൂ. ഈ കടമ്പ കടക്കാനാകാത്തതിനാൽ മത്സരരംഗത്തുണ്ടായിരുന്ന ജെറമി ഹണ്ട്, നധീം സവാഹി എന്നിവർ പിന്മാറി. ആവശ്യത്തിനു പിന്തുണ ലഭിക്കില്ലെന്നു വ്യക്തമായതോടെ മൂന്നുപേർ തലേന്നു പിന്മാറിയിരുന്നു.

ഇതോടെ മത്സര രംഗത്ത് ഇനി ബാക്കിയുള്ളത് മുൻ മന്ത്രി കെമി ബാദെനോക്, അറ്റോർണി ജനറൽ സ്യുവെല്ല ബ്രേവർമാൻ, പാർലമെന്റിന്റെ വിദേശകാര്യ കമ്മിറ്റി അധ്യക്ഷൻ ടോം ടുഗെന്‍ധാറ്റ് എന്നിവരാണ്. നാലോ അഞ്ചോ ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പീലൂടെയാകും അവസാന മൽസരാർഥികളെ ടോറി (കൺസർവേറ്റീവ് പാർട്ടി) എംപിമാർ തിരഞ്ഞടുക്കുക. ഇങ്ങനെ ജയിക്കുന്ന അവസാനത്തെ രണ്ടുപേരിൽനിന്ന് പിന്നീട് കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായ 2 ലക്ഷത്തിലധികം പേർ നേരിട്ടു വോട്ടു ചെയ്താകും പുതിയ പാർട്ടി നേതാവിനെ കണ്ടെത്തുക.

ജൂലൈ 21ന് ആരൊക്കെയാണ് അവസാന റൗണ്ടിലെത്തിയ രണ്ടുപേരെന്ന് വ്യക്തമാകും. ഇതിന്റെ ഫലം സെപ്റ്റംബർ 5നാണ് പുറത്തുവരിക. എംപിമാർക്കിടയിൽ സുനാക്കിന് പിന്തുണയുണ്ടെങ്കിലും അടുത്തിടെ 900 കണ്‍സർവേറ്റീവ് പാർട്ടി അംഗങ്ങള്‍ക്കായി നടത്തിയ സർവേയിൽ ജൂനിയർ വ്യാപാര മന്ത്രി പെന്നി മൊർഡൗന്റിനാണ് മുൻതൂക്കം.

English Summary: Ex-finance minister Sunak tops first vote to be next UK PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com