ADVERTISEMENT

ന്യൂഡൽഹി ∙പതിനഞ്ചാം രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂർത്തിയായി. എംപിമാരും എംഎൽഎമാരും വോട്ട് രേഖപ്പെടുത്തി. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ. പാർലമെന്റിലും വിവിധ നിയമസഭകളിലും രാവില 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തി.

എട്ട് എംപിമാർ വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നു. ബിജെപി, ശിവസേന എന്നിവയിൽനിന്ന് രണ്ടു പേർ വീതവും, കോൺഗ്രസ്, എസ്പി, ബിഎസ്പി, എഐഎംഐഎം എന്നിവയിൽനിന്ന് ഒരോരുത്തരുമാണ് വിട്ടു നിന്നത്.

140 എംഎൽഎമാർക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടു ജനപ്രതിനിധികളും കേരള നിയമസഭയിൽ വോട്ടു ചെയ്തു. ബിജെപി നേതാവ് ദ്രൗപദി മുർമുവും മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹയും തമ്മിലുള്ള പോരാട്ടത്തിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു ജയമുറപ്പിച്ചാണ് മത്സരത്തിനിറങ്ങിയത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി നിശ്ചയിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ പറഞ്ഞു.

എംപിമാരും എംഎൽഎമാരുമായി ആകെ 4809 വോട്ടർമാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ട്. എംപിമാർക്ക് പച്ച നിറമുള്ള ബാലറ്റും എംഎൽഎമാർക്ക് പിങ്ക് ബാലറ്റുമായിരുന്നു. എംപിയുടെ വോട്ടുമൂല്യം 700. സംസ്ഥാനങ്ങളിലെ ജനസംഖ്യ (1971 സെൻസസ് പ്രകാരം) അനുസരിച്ചാണ് എംഎൽഎമാരുടെ വോട്ടുമൂല്യം. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ടുമൂല്യം 152. ആകെ വോട്ടർമാരുടെ വോട്ടുമൂല്യം 10,86,431.

ഇപ്പോഴത്തെ സാഹചര്യത്തിൽ 6.67 ലക്ഷം വോട്ടുകൾ ദ്രൗപദി മുർമുവിനു കിട്ടുമെന്നാണ് കണക്കുകൂട്ടൽ. ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതിയാകും അവർ. തിരഞ്ഞെടുപ്പു കമ്മിഷൻ നൽകുന്ന വയലറ്റ് മഷിയുള്ള പ്രത്യേക പേന ഉപയോഗിച്ചു മാത്രമേ ബാലറ്റിൽ വോട്ടു രേഖപ്പെടുത്താനാവൂ. മറ്റു പേനകളുപയോഗിച്ചാൽ അസാധുവാകും. 

പാർലമെന്റിലെ 63–ാം നമ്പർ മുറിയിലും അതതു നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണു വോട്ടെടുപ്പ് നടന്നത്. 94 പേർ നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും മുർമുവും സിൻഹയും മാത്രമേ മത്സരരംഗത്ത് അവശേഷിച്ചുള്ളൂ. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി.മോദിയായിരുന്നു വരണാധികാരി.

ദ്രൗപദി മുർമു (Photo: R Senthil Kumar, PTI)
ദ്രൗപദി മുർമു

ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുന്നവർ

ബിജെപി, ജെഡിയു, അണ്ണാ ഡിഎംകെ, ബിജെഡി, ബിഎസ്പി, വൈഎസ്ആർ കോൺഗ്രസ്, അപ്നാദൾ, ശിവസേന, ശിവസേന (വിമതപക്ഷം), ജെഎംഎം, ടിഡിപി, പട്ടാളിമക്കൾ കക്ഷി, നാഗാ പീപ്പിൾസ് പാർട്ടി, ജെജെപി, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ, മിസോ നാഷനൽ ഫ്രണ്ട്, നിഷാദ് പാർട്ടി, ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ, ലോക്ജനശക്തി പാർട്ടി, മഹാരാഷ്ട്ര നവനിർമാൺ സേന, ജനത കോൺഗ്രസ് ഛത്തീസ്ഗഡ്, സിക്കിം ക്രാന്തികാരി മോർച്ച,

ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്, രാഷ്ട്രീയ സമാജ് പക്ഷ, ജനസേന പാർട്ടി, ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് (പുതുച്ചേരി), ഹരിയാന ലോകഹിത് പാർട്ടി, യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി, ജെ‍ഡിഎസ്, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, കുകി പീപ്പീൾസ് അലയൻസ്, ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, റിപ്പബ്ലിക്കൻ പാ‍ർട്ടി ഓഫ് ഇന്ത്യ (അഠാവ്‍ലെ), തമിഴ് മാനില കോൺഗ്രസ് മൂപ്പനാർ, ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര, പുരച്ചി ഭാരതം കക്ഷി, ശിരോമണി അകാലിദൾ, ജനസത്ത ദൾ ലോക്താന്ത്രിക്.

യശ്വന്ത് സിൻഹ (Photo: Manvender Vashist, PTI)
യശ്വന്ത് സിൻഹ

യശ്വന്ത് സിൻഹയെ പിന്തുണയ്ക്കുന്നവർ

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി, ഡിഎംകെ, സിപിഎം, സിപിഐ, ടിആർഎസ്, എസ്പി, ആർജെഡി, ആം ആദ്മി, ആർഎൽഡി, സിപിഐഎംഎൽ, മുസ്‍ലിം ലീഗ്, നാഷനൽ കോൺഫറൻസ്, വിടുതലൈ ചിരുതായിഗൽ കക്ഷി, എംഡിഎംകെ, ആർഎസ്പി, എഐഎംഐഎം, എഐ‍യുഡിഎഫ്, റായ്ജോർ ദൾ,

മനിതനേയ മക്കൾ കക്ഷി, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജേക്കബ്), കേരള കോൺഗ്രസ്(ബി), കൊങ്ങുദേശ മക്കൾ കക്ഷി, ആർഎംപി, കോൺഗ്രസ് സെക്കുലർ (സിഎസ്), ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, നാഷനൽ സെക്കുലർ കോൺഫറൻസ്, നാഷനലിസ്റ്റ് കോൺഗ്രസ് കേരള, ഗോർഖ ജൻമുക്തി മോർച്ച, തമിഴക വാഴ്‌വുരിമൈ കക്ഷി

തീരുമാനം വ്യക്തമാക്കാത്തവർ

ശിരോമണി അകാലിദൾ അമൃത്‌സർ, സ്വാഭിമാനപക്ഷ, ഐഎൻഎൽഡി, റവല്യൂഷനറി ഗോവൻസ് പാർട്ടി, ഭാരതീയ ട്രൈബൽ പാർട്ടി, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, സോറം പീപ്പിൾസ് മൂവ്മെന്റ്, ഗോവ ഫോർവേഡ് പാർട്ടി, ബഹുജൻ വികാസ് അഘാഡി ആൻഡ് പെസന്റ്സ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യ, പ്രഹർ ജനശക്തി പാർട്ടി, ഇന്ത്യൻ സെക്കുലർ പാർട്ടി.

English Summary: Droupadi Murmu vs Yashwant Sinha In Presidential Election Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com