ADVERTISEMENT

ആലപ്പുഴ∙ പൊലീസ് ക്വാർട്ടേഴ്സിൽ രണ്ടു മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെയും മക്കളുടെയും മരണം തത്സമയം കണ്ടിരിക്കാമെന്ന സംശയം ബലപ്പെടുന്നു. ഭാര്യ അറിയാതെ പൊലീസ് ക്വാർട്ടേഴ്സിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ റെനീസിന്റെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മേയ് 10ന് സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ സക്കരിയ വാർഡ് നവാസ് മൻസിലിൽ റെനീസിന്റെ ഭാര്യ നജ്‌ല (27), മകൻ ടിപ്പു സുൽത്താൻ (5), മകൾ മലാല (ഒന്നര) എന്നിവർ മരിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നജ്‌മയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ റെനീസ് സിസിടിവി ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്.

ക്വാര്‍ട്ടേഴ്‌സിന്റെ ഹാളില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ റെനീസിന്റെ മൊബൈല്‍ഫോണില്‍ ലഭിക്കത്തക്ക വിധത്തിലായിരുന്നു സജ്ജീകരണം. നജ്‌ലയും കുട്ടികളും മരിച്ച കേസിൽ റെനീസിനെ സംഭവത്തിന്റെ പിറ്റേന്ന് അറസ്റ്റ് ചെയ്തിരുന്നു. നജ്‌ലയെ മാനസികമായും ശാരീരികമായും റെനീസ് പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെ സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. പിന്നീട് റിമാൻഡിലായ റെനീസിനെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്‌തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി റെനീസിന്റെ സ്ത്രീ സുഹൃത്ത് ആലപ്പുഴ ലജ്നത്ത് വാർഡ് ഷാമിറ മൻസിലിൽ ഷഹാനയെ (24) യും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു.

റെനീസ് തന്നെ വിവാഹം കഴിക്കാൻ പോകുകയാണെന്നും നജ്‌ലയും കുട്ടികളും ഒഴിഞ്ഞു പോകണമെന്നും പറഞ്ഞ് ഷഹാന നജ്‌ലയെ ഭീഷണിപ്പെടുത്തിയിരുന്നെന്നു പൊലീസ് പറഞ്ഞിരുന്നു. നജ്‌ലയും കുട്ടികളും മരിച്ച ദിവസം രാവിലെയും ഷഹാന ക്വാർട്ടേഴ്സിലെത്തി വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഷഹാന ക്വാർട്ടേഴ്സിലെത്തി വഴക്കുണ്ടാക്കിയതിനു പിന്നാലെയാണ് നജ്‌ല മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തത്.

ഇതിനിടെ റെനീസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. റെനീസിന്‍റെ സാമ്പത്തിക ഇടപാടുകളെ പറ്റിയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. റിമാന്‍ഡിലായിരിക്കെ പലിശയ്ക്ക് നല്‍കിയ പണം തിരിച്ചു നല്‍കാത്തതിനു പൊലീസുകാരുടെ ഫോണില്‍കൂടി ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.

1248-shahana
പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും മക്കളും മരിച്ച കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷഹാനയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ: ഫയൽ ചിത്രം: മനോരമ

നജ്‌ലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇതിന്റെ രേഖകള്‍ കണ്ടെത്തിയ‌ത്. റെനീസിന്‍റെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണു മാതാവിന്‍റെ ആവശ്യം. പൊലീസുകാരില്‍ നിന്നടക്കം കുറഞ്ഞ നിരക്കില്‍ പണം വാങ്ങി കൂടിയ പലിശയ്ക്ക് നല്‍കിയിരുന്നതായും സൂചനയുണ്ട്. കേസില്‍ അറസ്‌റ്റിലായി റെനീസ് റിമാന്‍ഡിൽ കഴിയുമ്പോള്‍ ചില പൊലീസുകാരുടെ ഫോണില്‍ നിന്ന് വിളിച്ച് പണം നല്‍കാനുള്ളവരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പൊലീസുകാരുടെ സഹായത്തോടെ പലരെയും വിളിക്കുന്നതായും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെനീസിനെ സേനയില്‍നിന്ന് പരിച്ചുവിടണമെന്നും പരാതിയില്‍ പറയുന്നു. കേസില്‍ വൈകാതെ കുറ്റപത്രം നല്‍കും.

English Summary: Alappuzha police quarters suicide: more allegation against Prime Suspect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com