ADVERTISEMENT

ന്യൂജഴ്സി ∙ വനിതാ തടവുകാരെ മാത്രം പാർപ്പിക്കുന്ന തടവറയിൽവച്ച് രണ്ടു സഹതടവുകാരെ ഗര്‍ഭിണികളാക്കിയ ട്രാന്‍സ് യുവതിയെ പുരുഷന്മാരുടെ സെല്ലിലേക്കു മാറ്റി. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. ഇരുപത്തേഴു വയസ്സുള്ള ഡെമി മൈനർ എന്ന ട്രാൻസ് വുമണിനെയാണ് സഹതടവുകാരെ ഗർഭിണികളാക്കിയതിനെ തുടർന്ന് പുരുഷൻമാരുടെ സെല്ലിലേക്കു മാറ്റിയതെന്നാണ് റിപ്പോർട്ട്.

വളര്‍ത്തു പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഡെമി. ഇപ്പോഴത്തെ സാഹചര്യത്തിൽ 2037ൽ മാത്രമേ ഡെമി മൈനറിന് പരോളിന് അർഹതയുള്ളൂ.

18 മുതല്‍ 30 വയസ്സു വരെ പ്രായമുള്ള സ്ത്രീ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലാണ് 27 വയസ്സുകാരിയായ ട്രാന്‍സ് വുമണിനെയും താമസിപ്പിച്ചിരുന്നത്. എന്നാൽ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടില്ലാത്ത ഡെമി മൈനർ ജയിലിൽവച്ച് രണ്ട് സഹതടവുകാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇവര്‍ ഗര്‍ഭിണികളായെന്നുമാണ് പരാതി. ഇതേത്തുടര്‍ന്ന് പുരുഷ തടവുകാര്‍ മാത്രമുള്ള ഗാര്‍ഡന്‍ സ്റ്റേറ്റ് യൂത്ത് കറക്ഷന്‍ ഫെസിലിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

സ്ത്രീ തടവുകാര്‍ക്കായുള്ള എഡ്‌ന മഹന്‍ കറക്ഷന്‍ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വച്ചാണ് സെല്ലിലുണ്ടായിരുന്ന രണ്ട് സഹതടവുകാരികളുമായി ലൈംഗിക ബന്ധമുണ്ടാവുന്നത്. ഇക്കാര്യം പിന്നീട് ഒരു ബ്ലോഗ് പോസ്റ്റില്‍ ഡെമി മൈനര്‍ സമ്മതിച്ചു. ഇതിനിടെയാണ് ഇരുവരും ഗര്‍ഭിണികളായത്. ഇതേത്തുടർന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സെല്‍ മാറ്റിയ സമയത്ത് താന്‍ നേരിട്ടത് കടുത്ത പീഡനങ്ങളാണെന്ന് ഡെമി ആരോപിച്ചു. തന്റെ മാനസികനില തകര്‍ക്കുന്ന തരത്തില്‍ ജയില്‍ ജീവനക്കാര്‍ പെരുമാറി. പരിഹാസ വാക്കുകൾക്കു പുറമേ പൂർണ നഗ്നയാക്കി പരിശോധനകള്‍ നടത്തി. കടുത്ത മർദനത്തിന് ഇരയാക്കി. ഒരു തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നും ഡെമി വെളിപ്പെടുത്തി.

പുരുഷന്മാരുടെ തടവറയില്‍ നിന്ന് സ്ത്രീകളുടേതിലേക്ക് തിരിച്ചയയ്ക്കണമെന്നും ഡെമി ആവശ്യപ്പെട്ടു. പുരുഷന്‍മാരുടെ സെല്ലില്‍ അടച്ചാല്‍ തനിക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കാനിടയുണ്ടെന്നാണ് ഡെമിയുടെ വാദം.

English Summary: Trans Woman Now in Men's Prison After Impregnating 2 by Consensual Sex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com