ADVERTISEMENT

ചണ്ഡിഗഢ്∙ പഞ്ചാബി ഗായകൻ സിദ്ധു മുസവാലയെ കൊലപ്പെടുത്തിയവർ പാക്കിസ്ഥാനിലേക്കു കടക്കാൻ പദ്ധതിയിട്ടിരുന്നതായി സൂചന. അമൃത്സറിനു സമീപം കേസിലെ പ്രതികളായ രണ്ടുപേരെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനു സമീപം രാജ്യാന്തര അതിർത്തിയോടു ചേർന്നുള്ള ഗ്രാമത്തിൽ ഇവരെ കണ്ടെത്തിയതിനു പിന്നിൽ രാജ്യം വിടാനുള്ള നീക്കമാണോയെന്നാണ് സംശയം..

ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് ആന്റി ഗാങ്സ്റ്റേഴ്സ് ടാസ്ക് ഫോഴ്സ് (എജിടിഎഫ്) എഡിജിപി പ്രമോദ് ബാൻ അറിയിച്ചു. പാക്കിസ്ഥാനിലേക്കു രക്ഷപ്പെടാനുള്ള അവസരം തേടിയാണോ അവർ ഇവിടെ തമ്പടിച്ചിരുന്നതെന്ന സംശയമുണ്ട്. മാത്രമല്ല, ഇവിടെ ഇവരെ കണ്ടെത്തിയതിനെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികളും വിവരങ്ങൾ തേടുന്നുണ്ട്.

പഞ്ചാബ് സർക്കാർ വിഐപികളുടെ സുരക്ഷ വെട്ടിക്കുറച്ചതിനു പിറ്റേ ദിവസം മേയ് 29നാണ് സിദ്ധു മൂസവാലയെ കൊലപ്പെടുത്തിയത്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡി ബ്രാർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ജഗ്‌രൂപ് സിങ് രൂപ, മൻപ്രീത് സിങ് (മന്നു) എന്നിവർ അന്നുമുതൽ ഒളിവിലായിരുന്നു. മൻസയിലെ ജവഹർകെ ഗ്രാമത്തിൽ വച്ച് മൂസവാലയെ പിന്തുടർന്ന് കൊലപ്പെടുത്തിയ സംഘത്തിൽ ഉള്ളവരാണ് ഇവരെന്നാണ് പൊലീസിന്റെ വാദം.

അട്ടാരിക്കു സമീപം ബക്ന കാലൻ ഗ്രാമത്തിൽ ഇരുവരും ഒളിവിൽ കഴിയുന്നതായി പൊലീസിനു രഹസ്യവിവരം ലഭിക്കുകയായിരുന്നു. ബുധനാഴ്ചത്തെ തിരച്ചിൽ ഏറ്റുമുട്ടലിൽ അവസാനിക്കുകയും ഇരുവരെയും പൊലീസ് വെടിവച്ചു വീഴ്ത്തുകയുമായിരുന്നു.

വ്യാഴാഴ്ച ആന്റി ഗാങ്സ്റ്റേഴ്സ് ടാസ്ക് ഫോഴ്സ് (എജിടിഎഫ്) അംഗങ്ങൾക്കൊപ്പമെത്തി ഫൊറൻസിക് സംഘം സ്ഥലം പരിശോധിച്ചിരുന്നു. കൊല്ലപ്പെട്ട ഇരുവരും ഗുജറാത്തിലേക്കോ മഹാരാഷ്ട്രയിലേക്കോ കടന്നിരിക്കാമെന്ന വിവരത്തെത്തുടർന്ന് രാജ്യവ്യാപകമായി ഇരുവർക്കുമായി അന്വേഷണം നടത്തിയിരുന്നു. രണ്ടാഴ്ച മുൻപാണ് ഇരുവരും പഞ്ചാബിലേക്കു തിരിച്ചെത്തിയതെന്നാണ് ഇപ്പോൾ പൊലീസ് നൽകുന്ന വിവരം. മോഗ ജില്ലയിലെ സമൽസാറിൽ ബൈക്കിൽ രൂപയും മന്നുവും യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.

English Summary: Were Moosewala's Killers Awaiting Pak Escape? Encounter Near Border Leads to New Questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com