ADVERTISEMENT

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ച അതിജീവിതയ്ക്കു ഹൈക്കോടതിയുടെ താക്കീത്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കർശന നടപടിയുണ്ടാകും എന്ന മുന്നറിയിപ്പാണ് കോടതി നൽകിയിരിക്കുന്നത്. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജിക്കാരിക്കെതിരെ കർശന നിലപാടെടുത്തത്.

കോടതിക്കെതിരായ വിമർശനങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് എന്ന കോടതിയുടെ ചോദ്യത്തിനു പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു മറുപടി. ഇതിന് അന്വേഷണ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടോ എന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. കേസിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹർജിയിൽനിന്നു പിൻമാറണോ എന്നു തീരുമാനിക്കാം എന്ന് അതിജീവിത കോടതിയെ അറിയിച്ചു.

ഹർജിയിൽനിന്നു പിൻമാറിയാലും വിചാരണക്കോടതി ജഡ്ജിക്കെതിരായി അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചാൽ നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനെതിരെ അതിജീവിത വിമർശനം ഉയർത്തിയിരുന്നു. ഈ വിമർശനങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം.

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ കോടതി കക്ഷി ചേർത്തിട്ടുണ്ട്. നേരത്തെ കേസ് പരിഗണിക്കുമ്പോൾ ദിലീപിനെ കക്ഷി ചേർക്കുന്നതിനെ അതിജീവിത എതിർത്തിരുന്നു. ദിലീപിനെ കക്ഷി ചേർക്കുന്നതിനെ എന്തിന് എതിർക്കണമെന്നു കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ദിലീപിനെ കക്ഷി ചേർത്തിരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

English Summary: Kerala High Court's remark on the survivor in actress attacked case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com